in ,

ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് ഇന്ന് തുടക്കം: അല്‍സദ്ദ് വഖ്‌റയെ നേരിടും

ഖത്തര്‍ സ്റ്റാര്‍സ് ലീഗിനായി പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഔദ്യോഗിക ബോള്‍ അവതരിപ്പിച്ചപ്പോള്‍

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന്(ആഗസ്ത് 21 ബുധന്‍)തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍സദ്ദ് അല്‍വഖ്‌റയെ നേരിടും. അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ ഇന്നു വൈകുന്നേരമാണ് മത്സരം. അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ രണ്ടാംമത്സരത്തില്‍ ദുഹൈലിന്റെ എതിരാളികള്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ്.

നാളെ രണ്ടു മത്സരങ്ങള്‍. അല്‍ഗറാഫ അല്‍ഷഹാനിയയെയും അല്‍സെയ്‌ലിയ അല്‍ഖോറിനെയും നേരിടും. ലീഗിന്റെ ഉദ്ഘാടനചടങ്ങ് കഴിഞ്ഞദിവസം ഡബ്ല്യു ദോഹ ഹോട്ടലില്‍ നടന്നു. ക്യുഎസ്എലിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്റെ അവതരണവും ഇതിന്റെ ഭാഗമായി നടന്നു.

ഖത്തര്‍ കമ്പനിയായ അല്‍കൊനാതാണ് പുതിയ ആപ്പ് വികസിപ്പിച്ചത്. ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകരെ സംബന്ധിച്ചിടത്തോളം പുതിയൊരു മീഡിയ പ്ലാറ്റ്‌ഫോമായിരിക്കും ഈ ആപ്പ്. ക്യുഎസ്എല്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകളുടെ വാര്‍ത്തകള്‍, ക്ലബ്ബുകളെ സംബന്ധിച്ച വിവരങ്ങള്‍, ക്ലബ്ബുകളെക്കുറിച്ചുള്ള പ്രത്യേക പേജുകള്‍ എന്നിവയെല്ലാം ആപ്പിലുണ്ടാകും.

ഫുട്‌ബോള്‍ ആസ്വാദകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ആപ്പ് സഹായകമാകും. ഇ-ടിക്കറ്റുകളും സീസണ്‍ കാര്‍ഡുകളും നേടാനുമാകും.

ആപ്പിന്റെ വികസനപ്രക്രിയ്യയില്‍ രണ്ടു ഘട്ടങ്ങള്‍ കൂടി ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ മുഖേന ക്ലബ്ബുകള്‍ക്ക് കായിക ഉപകരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനുള്ള സാധ്യതകളും ആപ്പില്‍ അവതരിപ്പിക്കും. 2019-2020 സീസണിന്റെ ഔദ്യോഗിക ബോളും ചടങ്ങില്‍ അവതരിപ്പിച്ചു.

ഖത്തര്‍ ലീഗിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. ക്യുഎസ്എല്ലിന് മാത്രമായാണ് ഇത് രൂപകല്‍പ്പന ചെയതിരിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി ടീമുകളെല്ലാം മികച്ച തയാറെടുപ്പുകളാണ് നടത്തിയത്. വിദേശരാജ്യങ്ങളിലുള്‍പ്പടെ പരിശീലനം നടത്തി ടീമുകള്‍ പൂര്‍ണസജ്ജമായിട്ടുണ്ട്.

പന്ത്രണ്ട് ടീമുകളാണ് സീസണില്‍ കിരീടത്തിനായി മത്സരിക്കുന്നത്. കഴിഞ്ഞ സീസണ്‍ കലണ്ടറില്‍ ലീഗിനായി ഉപയോഗിച്ച അതേ മാനദണ്ഡങ്ങളും ചട്ടങ്ങളുമായിരിക്കും ഇത്തവണയും തുടരുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റയില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍: ജനപ്പെരുപ്പം വര്‍ധിക്കുന്നു

ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ്: പുതിയ എഡിഷനിലേക്ക് 18പേരെ തെരഞ്ഞെടുത്തു