in ,

ഖത്തറിനെയും മറ്റുള്ളവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള സഊദി പ്രചാരണം ഫേസ്ബുക്ക് പൊളിച്ചു

ദോഹ: ഖത്തറിനെയും മറ്റുള്ളവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള സഊദിയുടെ സോഷ്യല്‍മീഡിയ വ്യാജ പ്രചാരണം ഫേസ്ബുക്ക് പൊളിച്ചു. രാജ്യത്തിന്റെ പ്രത്യേക അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ എതിരാളികളെ ആക്രമിക്കുന്നതിനുമായി സഊദി സര്‍ക്കാരുമായി ബന്ധമുള്ള വ്യക്തികള്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകളുടെയും പേജുകളുടെയും ശൃംഖല തന്നെ നടത്തുന്നതായി ഫേസ്ബുക്ക് കഴിഞ്ഞദിവസം വ്യക്തമാക്കി.

1.4 ദശലക്ഷം ഫോളോവേഴ്‌സുള്ള സഊദി ബന്ധമുള്ള 350ലധികം അക്കൗണ്ടുകളും പേജുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ ഏകോപിപ്പിച്ച നിഷ്‌ക്രിയ സ്വഭാവത്തെ നേരിടാനുള്ള നിരന്തരശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് സഊദി ബന്ധമുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ സ്വീകരിച്ചത്. സഊദി സര്‍ക്കാരുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ പ്രവര്‍ത്തനമാണിത്.

റോയിട്ടേഴ്‌സാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിനോടു സഊദി സര്‍ക്കാരിന്റെ മീഡിയ ഓഫീസ് പ്രതികരിച്ചിട്ടില്ല. മിഡില്‍ഈസ്റ്റിലെ പല രാജ്യങ്ങളും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിളിന്റെ യുട്യൂബ് തുടങ്ങിയവിടങ്ങളിലേക്ക് രഹസ്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് വ്യാജ അക്കൗണ്ടുകളിലൂടെ ഖത്തറിനെ ആക്രമിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചതായി റിയാദിനെതിരെ ആരോപണമുണ്ട്. മോശം പെരുമാറ്റത്തിന്റെ പേരില്‍ അക്കൗണ്ട് നീക്കം ചെയ്യല്‍ പ്രഖ്യാപനം ഫേസ്ബുക്ക് മാസത്തില്‍ ഒന്നിലധികം തവണ നടത്താറുണ്ട്.

എന്നാല്‍ അത്തരം പെരുമാറ്റങ്ങളെ ഒരു സര്‍ക്കാരുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ട് പ്രസ്താവനയിറക്കുന്നത് വിരളമാണ്. വ്യാജ അക്കൗണ്ടുകള്‍ക്കു പിന്നിലുള്ള വ്യക്തികള്‍ സഊദി അറേബ്യ സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ തങ്ങളുടെ അന്വേഷകര്‍ക്ക് സാധിച്ചതായി ഫേസ്ബുക്കിന്റെ സൈബര്‍ സുരക്ഷാനയത്തിന്റെ തലവന്‍ നഥാനിയല്‍ ഗ്ലൈച്ചര്‍ പറഞ്ഞു.

ഈജിപ്തിലെയും യുഎഇയിലെയും മാര്‍ക്കറ്റിങ് സ്ഥാപനങ്ങളുമായി ബന്ധമുള്ള 350ലധികം അക്കൗണ്ടുകളുടെ പ്രത്യേക ശൃംഖലയും താല്‍ക്കാലികമായി മരവിപ്പിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. ഈ കേസില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ഈ ശൃംഖലക്കു നേരിട്ടുബന്ധമില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

പ്രധാനമായും ഖത്തര്‍, ഈജിപ്ത്, ഫലസ്തീന്‍, യുഎഇ എന്നിവയുള്‍പ്പടെ മിഡില്‍ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിലൂടെയും അതിന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്‌ഫോമിലൂടെയുമുള്ള സഊദി കാമ്പയിനെന്നും ഗ്ലൈച്ചര്‍ പറഞ്ഞു.

പ്രാദേശിക ന്യൂസ് ഔട്ട്‌ലെറ്റുകളെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ പേജുകള്‍ ഡിസൈന്‍ ചെയ്താണ് വ്യാജ അക്കൗണ്ടുകളിലൂടെയുള്ള പ്രചരണം. ഒരു ലക്ഷം ഡോളറാണ് പരസ്യത്തിനായി ചെലവഴിച്ചതെന്ന് മനസിലായതെന്നും ഫേസ്ബുക്ക് അറിയിച്ചു.

ചില വ്യാജ അക്കൗണ്ടുകള്‍ 2014ന്റെ തുടക്കംമുതലുള്ളതാണെങ്കിിലും ബഹുഭൂരിപക്ഷം അക്കൗണ്ടുകളും കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും സഊദി പ്രചാരണം വിശകലനം ചെയ്യുന്നതിനായി ഫേസ്ബുക്കിനൊപ്പം പ്രവര്‍ത്തിച്ച അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് ലാബിലെ സീനിയര്‍ ഫെല്ലോ ആന്‍ഡി കാര്‍വിന്‍ പറഞ്ഞു.

ഈ അക്കൗണ്ടുകളിലെ ഉള്ളടക്കത്തിന്റെ 90ശതമാനത്തിലധികവും അറബിയിലായിരുന്നു. ചില അക്കൗണ്ടുകള്‍ അടിസ്ഥാപരമായി സഊദി സര്‍ക്കാരിനും സൈന്യത്തിനും വേണ്ടിയുള്ള ഫാന്‍പേജുകളാണെന്ന് കാര്‍വിന്‍ പറഞ്ഞു.

ഫേസ്ബുക്ക് പുറത്തുവിട്ട സഊദി പോസ്റ്റുകലിലൊന്നിന്റെ പകര്‍പ്പില്‍ സഊദി കിരീടാവകാശി ആസ്പത്രികിടക്കയില്‍ ഒരു രോഗിയുടെ തലയില്‍ ചുംബിക്കുന്ന ചിത്രമായിരുന്നു. എന്നാല്‍ ഫോട്ടോയുടെ അടിക്കുറിപ്പ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പരിക്കേറ്റ സൈനികന്റെ തലയില്‍ ചുംബിക്കുന്നു എന്നായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ക്രൂയിസ് സീസണ്‍: മികവുറ്റ നേട്ടവുമായി ദോഹ തുറമുഖം

സബ്‌സിഡിയിനത്തില്‍ ആടുകളുടെ വിതരണം നാളെ മുതല്‍