in ,

ഖത്തറിന്റെ അബൂബക്കര്‍ ഹൈദര്‍ അബ്ദല്ലയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത

abubacker hyder abdulla

ദോഹ: 800മീറ്ററില്‍ ഖത്തറിന്റെ അബൂബക്കര്‍ ഹൈദര്‍ അബ്ദല്ലയ്ക്ക് 2020 ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഖത്തരി അത്‌ലറ്റ് കൂടിയാണ് അബൂബക്കര്‍. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഡയമണ്ട്‌ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തരി താരത്തിന് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചത്.

സമ്മര്‍ദ്ദങ്ങളില്ലാതെയാണ് അബൂബക്കര്‍ ഹൈദര്‍ അബ്ദല്ല ഫിനിഷ് ചെയ്തത്. ഡയമണ്ട് ലീഗില്‍ 800 മീറ്ററില്‍ ലോകത്തിലെ മുന്‍നിര താരങ്ങളോടൊപ്പം മത്സരിച്ച് നാലാം സ്ഥാനത്തെത്താന്‍ അബൂബക്കറിന് കഴിഞ്ഞിരുന്നു. 1.44.82 സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്കായ 1.45.20 സമയം മറികടന്ന് അബൂബക്കര്‍ മികച്ച സമയം കുറിച്ചാണ് ടോക്കിയോയിലേക്ക് പോകുന്നത്.

2019 മെയ് ഒന്നിനും 2020 ജൂണ്‍ 29നുമിടയ്ക്ക് ഈ യോഗ്യതാ മാര്‍ക്കിനുള്ളില്‍ നിന്നുകൊണ്ട് മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് യോഗ്യത ലഭിക്കുക. ഹൈജമ്പില്‍ മുതാസ് ബര്‍ഷിം, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറഹ്മാന്‍ സാംബ, 200 മീറ്ററില്‍ അബ്ദുല്‍ഇലാഹ് ഹാറൂണ്‍ എന്നിവരും ഒളിമ്പിക്‌സ് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അബൂബക്കര്‍ പ്രതികരിച്ചു. സ്വന്തം കാണികളുടെ മുന്നില്‍ മത്സരിക്കാന്‍ കഴിയുന്നത് മഹത്തരമായ അനുഭവമാണ്. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി കഠിനമായ പരിശീലനത്തിലേര്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ 800 മീറ്ററില്‍ റെക്കോര്‍ഡോടെ അബൂുബക്കര്‍ ഹൈദര്‍ അബ്ദുല്ല സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ 1.44.33 സെക്കന്റിലായിരുന്നു താരം അന്ന് ഫിനിഷ്‌ചെയ്തത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡും നേടി.

പക്ഷെ മത്സരം ഏപ്രിലിലാണ് നടന്നതെന്നതിനാല്‍ ഒളിമ്പിക്‌സ് യോഗ്യതയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. 2008-09 സീസണ്‍ മുതല്‍ ഖത്തറിനായി മത്സരിക്കുന്ന അബൂബക്കര്‍ ആസ്പയറിലായിരുന്നു പരിശീലനം. 2016ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയ ഖത്തര്‍ ടീമില്‍ അംഗമായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ആസക്തികളോട് വിരക്തി സൃഷ്ടിക്കാനുള്ള പരിശീലനമാണ് റമദാന്‍’

സമ്മര്‍ ഇന്‍ ഖത്തര്‍: ബോളിവുഡ് താരങ്ങള്‍ മുഖ്യ ആകര്‍ഷണം