in , ,

ഖത്തറിന്റെ ഫുട്‌ബോള്‍ നേട്ടങ്ങളെ പ്രശംസിച്ച് ഫിഫ

ദോഹ: 2019ലെ ഖത്തറിന്റെ ഫുട്‌ബോള്‍ നേട്ടങ്ങളെ പ്രശംസിച്ച് ഫിഫ. ഫിഫ ക്ലബ്ബ് ലോകകപ്പ്, ഗള്‍ഫ് കപ്പ് ഉള്‍പ്പടെയുള്ള രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളാണ് ഖത്തര്‍ ഈ വര്‍ഷം വിജയകരമായി സംഘടിപ്പിച്ചത്. ഖത്തറിനെ ഓര്‍മിക്കാന്‍ ഒരുവര്‍ഷം എന്ന തലക്കെട്ടില്‍ ഫിഫ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ ഫുട്‌ബോള്‍ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയിരിക്കുന്നത്. 2019ല്‍ ഫിഫ റാങ്കിങില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഖത്തറാണ്. ഈ ജനുവരിയില്‍ 93-ാം സ്ഥാനത്തായിരുന്നു ഖത്തര്‍.
വര്‍ഷം അവസാനിക്കുമ്പോള്‍ 55-ാം സ്ഥാനത്ത്. ഒരു വര്‍ഷത്തിനുള്ളില്‍ 38 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 138 പോയിന്റുകളും നേടി. എഎഫ്‌സി ഏഷ്യന്‍കപ്പ് എന്ന ചരിത്രനേട്ടവും അന്നാബികള്‍ ഈ വര്‍ഷം സ്വന്തമാക്കി. ഈ വര്‍ഷം ശക്തവും മികവുറ്റതുമായ പ്രകടനമായിരുന്നു ഖത്തറിന്റേത്. ഏഷ്യന്‍കപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ എല്ലാം ജയിച്ചുകയറിയാണ് ഫെലിക്‌സ് സാഞ്ചസിന്റെ ശിക്ഷണത്തില്‍ ഖത്തര്‍ ടീം കിരീടത്തില്‍ മുത്തമിട്ടത്. മുന്‍പ് ഒന്‍പപതു തവണ മത്സരിച്ചപ്പോഴും നോക്കൗട്ട് റൗണ്ടില്‍ വിജയിക്കാന്‍ കഴിയാതിരുന്ന ടീമാണ് ഇത്തവണ ചരിത്രം സൃഷ്ടിച്ചത്.
2018ലെ റഷ്യന്‍ ലോകകപ്പില്‍ മത്സരിച്ച സഊദി അറേബ്യയെ ഗ്രൂപ്പ് ഘട്ടത്തിലും കൊറിയ റിപ്പബ്ലിക്കിനെ ക്വാര്‍ട്ടര്‍ ഫൈനലിലും ജപ്പാനെ ഫൈനലിലും തകര്‍ത്താണ് ഖത്തറിന്റെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണെന്നും ഫിഫ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചാമ്പ്യന്‍ഷിപ്പിലാകെ ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ വഴങ്ങിയത്. ഫൈനലില്‍ ജപ്പാന്റെ തകുമി മിനാമിനോയാണ് ഏക ഗോള്‍ നേടിയത്.
ഖത്തറിന്റെ അല്‍മോയെസ് അലി ഒന്‍പത് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായി. ഒരു ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഇറാന്‍ സ്‌ട്രൈക്കര്‍ അലി ദെയ് 1996ല്‍ സ്ഥാപിച്ച എട്ടു ഗോളിന്റെ റെക്കോര്‍ഡാണ് ഖത്തര്‍ താരം തിരുത്തിയത്. ദക്ഷിണ അമേരിക്കന്‍ പ്രീമിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ കോപ്പ അമേരിക്കയിലും ഖത്തര്‍ ഇതാദ്യമായി മത്സരിച്ചു. പ്രത്യേകക്ഷണപ്രകാരമായിരുന്നു ഖത്തറിന്റെ പങ്കാളിത്തം. ഗ്രൂപ്പ് ബിയില്‍ കൊളംബിയ, അര്‍ജന്റീന, പരാഗ്വെ ടീമുകള്‍ക്കൊപ്പമായിരുന്നു ഖത്തര്‍. ആദ്യമത്സരത്തില്‍ പരാഗ്വെയെ സമനിലയില്‍ തളച്ചു.
ഇരുടീമുകളും രണ്ടുവീതം ഗോള്‍ നേടി. കൊളംബിയയോടു ഏകപക്ഷീയമായ ഒരു ഗോളിനും അര്‍ജന്റീനയോടു രണ്ടു ഗോളിനും തോറ്റു. ഗള്‍ഫ് കപ്പിനും ഖത്തര്‍ ആതിഥ്യം വഹിച്ചുവെങ്കിലും സെമിയില്‍ സഊദി അറേബ്യയോടു തോല്‍ക്കുകയായിരുന്നു. 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യന്‍ കപ്പ് എന്നിവയ്്ക്കായുള്ള യോഗ്യതാ മത്സരങ്ങളിലും ഖത്തര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഇയില്‍ ആദ്യ അഞ്ചുമത്സരങ്ങളില്‍ നാലു ജയവും ഒരു സമനിലയുമായി മുന്നിലാണ് ഖത്തര്‍. 11 ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും

ഖത്തര്‍ ഇന്ത്യ വ്യാപാരം 12 ബില്യണിലധികം ഡോളര്‍