Tuesday, June 2ESTD 1934

ഖത്തറിന്റെ ഭൂത- വര്‍ത്തമാനകാലങ്ങളെ ബന്ധിപ്പിക്കുന്ന പ്രദര്‍ശനം കത്താറയില്‍

ഖത്തറിന്റെ ഭൂത- വര്‍ത്തമാനകാലങ്ങളെ ബന്ധിപ്പിക്കുന്ന രീം അല്‍ഉബൈദ്‌ലിയുടെ പ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങിയപ്പോള്‍

ദോഹ: ഖത്തറിന്റെ ഭൂതകാലത്തെയും വര്‍ത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന സവിശേഷമായ കലാസൃഷ്ടികളുടെ പ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങി. ഖത്തരി ആര്‍ട്ടിസ്റ്റ് രീം അല്‍ഉബൈദ്‌ലി സവിശേഷമായ 22 പെയിന്റിങുകളിലൂടെ രാജ്യത്തിന്റെ മഹത്തായ ഭൂതകാലവും ഊര്‍ജസ്വലമായ വര്‍ത്തമാനകാലവും വരച്ചിട്ടിരിക്കുന്നു. പനോര ഖത്തര്‍ എന്ന പേരില്‍ രീം അല്‍ഉബൈദ്‌ലിയുടെ സോളോ പ്രദര്‍ശനത്തിന് കഴിഞ്ഞദിവസമാണ് കത്താറയില്‍ തുടക്കമായത്.

നമ്മുടെ മനസ്സിലും ഹൃദയത്തിലും പ്രാധാന്യമുള്ള സംഭവങ്ങള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂതകാലത്തെയും വര്‍ത്തമാനത്തെയും രേഖപ്പെടുത്താനുള്ള താല്‍പര്യമായിരുന്നു പെയിന്റിങുകള്‍ക്കു പിന്നിലെന്ന് അല്‍ഉബൈദ്‌ലി പറഞ്ഞു. ഖത്തറിന്റെ നേതാക്കള്‍, സാംസ്‌കാരിക ചിഹ്നങ്ങള്‍, ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍, സ്ഥലങ്ങള്‍ എന്നിവയെല്ലാം പെയിന്റിങുകള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയെല്ലാം മനോഹരമായാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. വ്യത്യസ്ത ശൈലികളാണ് അല്‍ഉബൈദ്‌ലി ഉപയോഗിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ കലാപരവും നൂതനവുമായ ഇമേജുകള്‍ വിശിഷ്ടമായ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് ആവിഷ്‌കരിക്കുകയും വിഷയങ്ങളുടെ ആഴത്തിലുള്ള വ്യാഖ്യാനം പ്രകടിപ്പിക്കുന്നതിന് വ്യത്യസ്ത ടെക്‌സ്ചറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാ സൃഷ്ടികളിലും തവിട്ടുനിറത്തിലുള്ള പാലറ്റ് ഉപയോഗിക്കുന്നത് ചരിത്രത്തിന്റെ ആഴത്തിലുള്ള ഒരു അര്‍ത്ഥത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. ഖത്തറിലെ മരുഭൂമികളുടെ നിറങ്ങളും ക്യാന്‍വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട്. ഓരോ കലാപ്രേമിയുടെയും ശ്രദ്ധയും വിലമതിപ്പും പിടിച്ചുപറ്റുന്നതാണ് ഈ കലാസൃഷ്ടികള്‍. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

അല്‍ഉബൈദ്‌ലിയുടെ നാലാമത് സോളോ പ്രദര്‍ശനമാണ് കത്താറയില്‍ നടക്കുന്നത്. ഖത്തറിലും വിദേശത്തും മുന്‍പും അല്‍ഉബൈദ്‌ലി പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. കത്താറ ബില്‍ഡിങ് 19ലെ ഗ്യാലറി രണ്ടില്‍ ഒക്ടോബര്‍ ഒന്‍പതുവരെ പ്രദര്‍ശനം തുടരും. രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം.

error: Content is protected !!