
ദോഹ: 2018ല്‍ ഖത്തറിന്റെ ആകെ പൊതുവരുമാനം 207.9 ബില്യണ്‍ റിയാല്‍. തൊട്ടുമുന്‍വര്‍ഷത്തെ 163.3 ബില്യണ്‍ റിയാലില്‍ നിന്നും 27.3ശതമാനം വര്‍ധന. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ക്യുസിബിയുടെ 42-ാമത് വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2018ലെ മൊത്തം പൊതുവരുമാനത്തിലെ വര്‍ധന കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഇടിവിന്റെ പ്രവണത മാറ്റിമറിക്കുകയും ഊര്‍ജവിലയിലെ വീണ്ടെടുക്കലിന്റെ ഗുണപരമായ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു.
വരുമാനത്തിന്റെ രണ്ടു ഘടകങ്ങളായ എണ്ണ- വാതകവും പലവക കൈമാറ്റവും കഴിഞ്ഞവര്‍ഷം വര്‍ധിച്ചു. എണ്ണ, വാതകം എന്നിവയില്‍ നിന്നുളള വരുമാനം 2017ല്‍ 133 ബില്യണ്‍ റിയാലായിരുന്നത് കഴിഞ്ഞവര്‍ഷം 30.2ശതമാനം വര്‍ധിച്ച് 173.1 ബില്യണ്‍ റിയാലിലെത്തി.
അതുപോലെ വിവിധ ഫീസുകളും നികുതികളും അടങ്ങിയ പലവക കൈമാറ്റത്തില്നിന്നുള്ള വരുമാനം തൊട്ടുമുന്‍പത്തെ വര്‍ഷം 30.3 ബില്യണ്‍ റിയാലായിരുന്നത് കഴിഞ്ഞവര്‍ഷം 14.9ശതമാനം വര്‍ധിച്ച് 34.9 ബില്യണ്‍ റിയാലിലെത്തി. പൊതുവരുമാനത്തിന്റെ സിംഹഭാഗവും എണ്ണ, വാതകം എന്നിവയില്‍നിന്നാണ്. 2018ല്‍ വരുമാനത്തിന്റെ 83.3 ശതമാനവും എണ്ണ, വാതക മേഖലയില്‍ നിന്നാണ്.
2017ല്‍ 81.5ശതമാനമായിരുന്നു. അതേസമയം ആകെ ചെലവില്‍ ഇടിവ് തുടരുന്നു. 2017നെ അപേക്ഷിച്ച് ചെലവില്‍ 5.1ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2018ലെ ആകെ പൊതുചെലവ് 198.2 ബില്യണ്‍ റിയാലായിരുന്നു.
പ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണവും ധനപരിഷ്കരണങ്ങള്ക്കു കീഴിലുള്ള ചെലവുകളിലെ യുക്തിസഹീകരണവുമാണ് കഴിഞ്ഞകുറേകാലയളവിലെ ചെലവുചുരുങ്ങലിനു പിന്നിലെ പ്രധാന പ്രേരകശക്തി. വേതനത്തിനും ശമ്പളത്തിനുമുള്ള ചെലവില്‍ 2018ല്‍ 7.8ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
2017ല്‍ ഈയിനത്തിലെ ചെലവ് 53.1ബില്യണ്‍ റിയാലായിരുന്നത് കഴിഞ്ഞവര്‍ഷം 55.7 ബില്യണ്‍ റിയാലായി വര്‍ധിച്ചു. ആകെ ചെലവില്‍ വേതനത്തിന്റെ വിഹിതം 2017ലെ 26.1 ശതമാനത്തില്‍നിന്നും 28.9ശതമാനമായി വര്‍ധിച്ചു. എന്നാല്‍ ഇതിനു വൈരുദ്ധ്യമെന്ന നിലയില്‍ 2018ലെ നിലവിലെ ചെലവില്‍ 7.8ശതമാനം കുറവുണ്ടായി.
2017ലെ 60.2 ബില്യണ്‍ റിയാലില്‍ നിന്നും 55.7 ബില്യണ്‍ റിയാലായാണ് നിലവിലെ ചെലവ്(കറന്റ് എക്സ്പന്‍ഡിച്ചര്‍) കുറഞ്ഞത്. ആകെ ചെലവിലെ ഇതിന്റെ വിഹിതം 2017ലെ 29.6ശതമാനത്തില്‍നിന്നും 28.8 ശതമാനമായി കുറഞ്ഞു. ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണം ചെലവു കുറയുന്നതിന് കാരണമായി.
2018ല്‍ പ്രധാന പദ്ധതികള്‍ക്കുള്ള ചെലവ് 9.6ശതമാനം കുറഞ്ഞ് 77.8 ബില്യണ്‍ റിയാലിലെത്തി. 2017ല്‍ പ്രധാന പദ്ധതികള്‍ക്കുള്ള ചെലവ് 86.1 ബില്യണ്‍ റിയാലായിരുന്നു. എങ്കിലും മൊത്തം പൊതുചെലവിലെ പ്രധാനപദ്ധതികള്ക്കുള്ള മൂലധനച്ചെലവിന്റെ വിഹിതം 40.4 ശതമാനമെന്ന ഉയര്‍ന്ന നില തുടരുന്നു.
മൊത്തം ചെലവു കുറയുന്നതിനൊപ്പം മൊത്തം വരുമാനം ഉയര്‍ന്നതിനാല്‍ 2018ല്‍ ബജറ്റ് മിച്ചം 15.1 ബില്യണ്‍ റിയാലായി രേഖപ്പെടുത്തി. 2016ല്‍ 50.8 ബില്യണ്‍ റിയാലും 2017ല്‍ 40 ബില്യണ്‍ റിയാലും ബജറ്റ് കമ്മിയായിരുന്നിടത്താണ് 2018ല്‍ ബജറ്റ് മിച്ചം കൈവരിക്കാനായത്.
2019ലെ ആകെ പൊതുവരുമാനം 211 ബില്യണ്‍ റിയാലായി ബജറ്റ് ചെയ്തിട്ടുണ്ടെന്ന് ക്യുസിബി അറിയിച്ചു. 2018ലെ യഥാര്‍ഥ വരുമാനത്തേക്കാള്‍ 1.5ശതമാനത്തിന്റെ ചെറിയ വര്‍ധനവ് മാത്രമെ കാണിക്കുന്നുള്ളു.