in , , ,

ഖത്തറിലാദ്യമായി ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റ്‌

ദോഹ: ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റിന് (ക്യുഐഎക്സ്പി) ഖത്തറില്‍ തുടക്കംകുറിച്ചു. പ്രാദേശിക ഇന്റര്‍നെറ്റ് ശൃംഖലകള്‍ക്ക് ഡിജിറ്റല്‍ വിവരങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ കൈമാറാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടൊയാണ് പുതിയ സംവിധാനം. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മീസ ഡാറ്റാ സെന്ററിലാണ് ക്യുഐഎക്‌സ്പി സംവിധാനിച്ചിരിക്കുന്നത്. നേരത്തെ വിവരകൈമാറ്റം രാജ്യത്തിന് പുറത്തെ എക്സ്ചേഞ്ച് പോയിന്റിലൂടെയായിരുന്നു സാധ്യമായിരുന്നതെങ്കില്‍ പുതിയ സംവിധാനത്തിലൂടെ തദ്ദേശീയമായി സാധ്യമാകും. പുതിയ പോയിന്റ് രാജ്യത്തിനുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമായതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഏറ്റവും വേഗത്തില്‍, കൂടുതല്‍ സുരക്ഷിതമായി ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കാം. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഡിജിറ്റല്‍ കണ്ടെന്റ് സേവന ദാതാക്കള്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാനുള്ള കേന്ദ്രമാണ് എക്സ്ചേഞ്ച് പോയിന്റ്. ഇന്റര്‍നെറ്റ് അടിസ്ഥാനസൗകര്യവികസനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നെറ്റ്വര്‍ക്കുകളുടെ പ്രകടനം ഉയര്‍ത്തുന്നതിനും സാധിക്കും. വിവരസാങ്കേതിക മേഖലയുടെ വികസനം, ഇന്റര്‍മീഡിയറ്റ് പോയിന്റുകളുടെ എണ്ണം കുറക്കല്‍ എന്നിവയെല്ലാം സാധ്യമാകും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയാണ് എക്സ്ചേഞ്ച് പോയിന്റ് ഉദ്ഘാടനം ചെയ്തത്. വിശാലമായ മൂന്നു ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റുകള്‍ കൂടി രാജ്യത്ത് തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഖത്തറിലെ ഐസിടി മേഖലയില്‍ ഇന്റര്‍നെറ്റ് അടിസ്ഥാനസൗകര്യവികസനത്തിന്റെ അവശ്യഘടകങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ അന്താരാഷ്ട്ര നെറ്റ്വര്‍ക്ക് സന്നദ്ധതാ റാങ്കിങ്് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആഗോള ഉള്ളടക്ക ദാതാക്കളെ ആകര്‍ഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിന്റെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ നിരവധി ഗതാഗത മാര്‍ഗങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ മന്ത്രാലയം സംയോജിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുഗതാഗതം ഉപയോഗിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രിക് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലിഅല്‍മന്നായി, ക്യുഐഎക്‌സ്പി സ്റ്റിയറിങ് കമ്മിറ്റിയിലെ ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസമന്ത്രാലയം, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ഖത്തര്‍ നാഷണല്‍ ബ്രോഡ്ബ്രാന്‍ഡ് നെറ്റ്വര്‍ക്ക്, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ കംപ്യൂട്ടിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഊരിദൂ ഖത്തര്‍, വൊഡാഫോണ്‍ ഖത്തര്‍, ഗള്‍ഫ് ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സമാധാന സംസ്‌കാരം: യുഎന്‍ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

ആടുകളുടെ പ്രദര്‍ശനവും ലേലവും; ഹലാല്‍ ഫെസ്റ്റിവല്‍ കത്താറയില്‍