
ദോഹ: ഖത്തറിലെ ഏറ്റവും ശക്തകരെ കണ്ടെത്തുന്നതിനായി ആസ്പയര്‍ സോണ്‍ സംഘടിപ്പിക്കുന്ന മത്സരം ഡിസംബര്‍ 13ന് നടക്കും. ആസ്പയര്‍ പാര്‍ക്കില്‍ വൈകുന്നേരം നാലു മുതലാണ് മത്സരം. ഖത്തര്‍ സ്്‌ട്രോങസ്റ്റ് മാന്‍ 2019 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഏഴാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. വീണ്ടുമൊരിക്കല്‍ക്കൂടി കരുത്തരുടെ പോരാട്ടത്തിന് ആതിഥ്യം വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്പയര്‍ സോണ്‍ അറിയിച്ചു. ശാരീരികമായി പൂര്‍ണസജ്ജരായ പതിനെട്ട് വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്ത 19 പേരില്‍ നിന്നും മതിയായ യോഗ്യതകളുള്ള എട്ടുപേരെയാണ് അന്തിമറൗണ്ടിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ഖത്തറിലെ കരുത്തനെ കണ്ടെത്തുന്നതിനായി കഠിനമായ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫൈനലിസ്റ്റുകള്‍ അഞ്ചു വെല്ലുവിളികളാണ് മറികടക്കേണ്ടത്. ആദ്യ വെല്ലുവിളിയെന്നത് മത്സരാര്‍ത്ഥികള്‍ കറങ്ങുന്ന പ്ലാറ്റ്‌ഫോമില്‍ 180 കിലോഗ്രാം ബാര്‍ ഉയര്‍ത്തി വഹിക്കണം. രണ്ടാമത്തേത് സാന്‍ഡ് ബാഗ് ലിഫ്റ്റിംഗ്, മത്സരാര്‍ത്ഥികള്‍ ഒരു പെട്ടിയില്‍ നിന്ന് മണല്‍ബാഗുകള്‍ എടുത്ത് ഉയര്‍ന്ന സ്റ്റാന്‍ഡുകളില്‍ സ്ഥാപിക്കണം. മൂന്നമത്തേത് ജയന്റ് വീല്‍ടയര്‍ തള്ളിമാറ്റല്‍, നാലാമത്തേത് ആറു ടണ്‍ ഭാരമുള്ള ട്രക്ക് 25 മീറ്റര്‍ ദൂരം നീക്കണം. അഞ്ചാമത്തേത് ആക്‌സില്‍ പ്രസ്സ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ വിനോദപരിപാടികളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ഫാന്‍സോണുമുണ്ടാകും. ഭക്ഷ്യ പാനീയങ്ങള്‍ക്കായുള്ള സ്റ്റാളുകളുമുണ്ട്. ഇത്തവണത്തെ എഡീഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഊരിദൂ ഖത്തര്‍, ആസ്പയര്‍ ആക്ടീവ്, ജെയ്ദ ഗ്രൂപ്പ്, മെഗാപോളിസ് എന്റര്‍ടെയിന്‍മെന്റ് സെന്റര്‍, ട്രാംപോ, റെഡ്ബുള്‍, കൊറോണ കഫെ എന്നിവയാണ്.