
ദോഹ: ഖത്തറില്‍ നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്താന്‍ പോരാടുന്ന ഓരോ വ്യക്തിയിലും അഭിമാനമുണ്ടെന്ന് ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍. വളരെ പെട്ടെന്നുള്ള കോവിഡ് വ്യാപനത്തിനിടയില്‍ ഈ വൈറസിനെതിരെ പോരാടുന്നതില്‍ സൈനികരായി മാറിയ ഖത്തറിലെ ഓരോ വ്യക്തിയിലും എന്റെ അഗാധമായ അഭിമാനം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ശൈഖ മൗസ വ്യക്തമാക്കി.
ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങള്‍ മുതല്‍ ആസ്പത്രികളിലും ക്വാറന്റൈന് സൗകര്യങ്ങളിലും കഴിയുന്നവര്‍ വരെ, കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ തിരശ്ശീലക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. ഈ വൈറസ് നമ്മെ പരാജയപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് അവര്‍ ഉറപ്പുവരുത്തുകയാണ്. രാജ്യത്തിന്റെ മൂല്യത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു മൂല്യവുമില്ലെന്ന് അവര്‍ പ്രകടമാക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഈ മൂല്യം വ്യക്തമാകുകയും ദേശീയ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്നു- ശൈഖ മൗസ ചൂണ്ടിക്കാട്ടി.
ഖത്തറില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൈറസ് ലഘൂകരണ നടപടികളെ എടുത്തുകാണിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് ശൈഖ മൗസ ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.