Tuesday, December 10

ഖത്തറിലെ ജല ഉപഭോഗം ലോകത്തിലെ ഉയര്‍ന്ന നിരക്കില്‍

Spread the love

ദോഹ: ഖത്തറിന്റെ ആളോഹരി ജല ഉപയോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും പ്രതിദിനം ഒരാള്‍ 500 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നതായും വിദഗ്ധര്‍. ‘വരണ്ട ഭൂമിയിലെ വെള്ളം: നവീകരണം ജല സുരക്ഷയെ സഹായിക്കുമോ?’ എന്ന വിഷയത്തില്‍ അടുത്തിടെ ദോഹയില്‍ നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തര്‍ ഫൗണ്ടേഷന്റെ റിസര്‍ച്ച്, ഡവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്റെ ഭാഗമായ ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കിലാണ് (ക്യുഎസ്ടിപി) ചര്‍ച്ച നടന്നത്. സ്വയം പര്യാപ്തതയിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ വിലയേറിയ വിഭവമാണ് ജലം.
ഇതിന്റെ ആവശ്യങ്ങള്‍ അതിവേഗം വര്‍ധിച്ചുവരുകയാണ്. 2017 മുതല്‍ പ്രാദേശിക കാര്‍ഷിക ഉത്്പാദനം 400 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് രാജ്യത്ത് ജനസംഖ്യ 2.7 ദശലക്ഷത്തിലധികമാണെന്നും വരണ്ട ഭൂമിയാണെങ്കിലും വര്‍ധിച്ചുവരുന്ന ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഖത്തറിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വരള്‍ച്ചയെ നേരിടാന്‍ പ്രധാന പരിഹാരമെന്ന നിലയില്‍ ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും എല്ലായ്‌പ്പോഴും ഡീസലൈനേഷനെയാണ് ആശ്രയിക്കുന്നത്.
മറ്റ് ബദലുകള്‍ എന്തൊക്കെയാണ് വികസിപ്പിക്കാന്‍ കഴിയുകയെന്ന ചോദ്യം പരിശോധിക്കപ്പെടേണ്ടതാണെന്ന് ഖത്തറിലെ കൊണോകോ ഫിലിപ്‌സ് വാട്ടര്‍ സൊല്യൂഷന്‍സ് മാനേജര്‍ ഡി സമര്‍ അദാം പറഞ്ഞു.
ഭൂമിയുടെ 75 ശതമാനവും വെള്ളത്തില്‍ പൊതിഞ്ഞതാണെങ്കിലും, അതില്‍ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം, ഈ വെള്ളത്തിന്റെ 1 ശതമാനത്തില്‍ താഴെ മാത്രമേ നമുക്ക് ലഭ്യമാകുന്നുള്ളൂ. ലോകത്ത് ആവശ്യത്തിന് വെള്ളം ഉണ്ട്, പക്ഷേ അത് ഉപ്പുവെള്ളമാണ്. അതിനാല്‍, ഗവേഷണത്തിലും വികസനത്തിലും ഡീസലൈനേഷന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്ന് ഖത്തറിലെ ടെക്‌സസ് എ ആന്റ് എം സര്‍വകലാശാല കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ. അഹമ്മദ് അബ്ദുല്‍ വഹാബ് പറഞ്ഞു.