ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങള്‍ നല്ലതെന്ന് വിയറ്റ്നാം

ദോഹ: ഖത്തറിലെ വിയറ്റ്നാമീസ് തൊഴിലാളികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി വര്‍ധനവുണ്ടാകുന്നുണ്ടെന്ന് ഉന്നത വിയറ്റ്നാമീസ് ഉദ്യോഗസ്ഥ ട്രൂങ് തി മായി. ദോഹയിലെ വിയറ്റ്നാം എംബസി സംഘടിപ്പിച്ച രാജ്യത്തിന്റെ 74-ാമത് വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിയറ്റ്നാം പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി(പിസിസി)യുടെ പോളിറ്റ് ബ്യൂറോ അംഗവും പിസിസി കമ്മീഷന് സെക്രട്ടറിയുമാണ് തി മായി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അവര്‍. ആഘോഷചടങ്ങില്‍ ഖത്തറിലെ വിയറ്റ്നാമീസ് അംബാസഡര്‍ ഗുയിന്‍ ദിന് താവോയും പ്രസംഗിച്ചു.
ഖത്തറിന്റെയും വിയറ്റ്നാമിന്റെയും വളര്‍ച്ചക്കും സമ്പദ്ഘടനയും ഗണ്യമായ സംഭാവന നല്‍കുന്നവരാണ് ഖത്തറിലെ വിയറ്റ്നാം കമ്യൂണിറ്റിയെന്ന് തി മായി പറഞ്ഞു. ഖത്തറും വിയറ്റ്നാമും തമ്മിലുള്ള ബന്ധം വര്‍ഷംതോറും ശക്തിപ്പെട്ടുവരികയാണ്. സമീപവര്‍ഷങ്ങളില്‍ ഖത്തറിലെ വിയറ്റ്നാമീസ് തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലായി 800ഓളം പേര് ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. ഈ സംഖ്യ പരിമിതമാണെങ്കിലും വിയറ്റ്നാമീസ് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഖത്തറിലെ വിയറ്റ്നാമീസ് തൊഴിലാളികള്‍ക്ക് നല്ല തൊഴില്‍പരിചയം ലഭിക്കുന്നുണ്ട്.
ഇതു അവരുടെ കഴിവുകളും ശേഷിയും വര്‍ധിപ്പിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ അവര്‍ സ്വന്തം നാട്ടിലേക്കു മടങ്ങുകയാണെങ്കില്‍ അവരുടെ വൈദഗ്ദ്ധ്യം മാതരാജ്യത്തിനു പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞു.
ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങള്‍ നല്ലതാണ്. തൊഴിലാളികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ക്കും ആതിഥേയ രാജ്യത്തിനുമായി കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ വിയറ്റ്നാമീസ് കമ്യൂണിറ്റി അംഗങ്ങള്‍ കൂടുല്‍ ശ്രമങ്ങള്‍ നടത്തണമെന്നും പരമാവധി നേട്ടങ്ങള്‍ കൈവരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
വിവിധ മേഖലകളില്‍ ഖത്തറും വിയറ്റ്നാമും തമ്മില്‍ കൂടുതല്‍ സഹകരണത്തിനു സാധ്യതയുണ്ട്. ഇത് ഇരുരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ ഗുണം ചെയ്യും. 25 വര്‍ഷത്തിലധികമായി ഖത്തറിനും വിയറ്റ്നാമിനുമിടയില്‍ ശക്തമായ സൗഹൃദ ബന്ധമാണുള്ളതെന്ന് അംബാസഡര്‍ ഗുയിന്‍ ദിന് തായോ പറഞ്ഞു.
ഖത്തറിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ക്രിയാത്മകമായി നിലകൊള്ളണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി സജീവമായ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഖത്തറിലെ വിയറ്റ്നാമീസ് സമൂഹം മികച്ച ജീവിതസാഹചര്യങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ലഭ്യമായ സേവനങ്ങള്‍, തൊഴില്‍ അന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഗുണപരമാണെന്നും അംബാസഡര്‍ പറഞ്ഞു.