in ,

ഖത്തറിലെ വിവിധ സ്ഥാപനങ്ങള്‍ ഗരന്‍ഗാവോ ആഘോഷങ്ങളില്‍ പങ്കാളികളായി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഗരന്‍ഗാവോ ആഘോഷങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തപ്പോള്‍

ദോഹ: കുട്ടികള്‍ക്കായുള്ള റമദാനിലെ ആഘോഷമായ ഗരന്‍ഗാവോയില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വകുപ്പുകള്‍, കമ്പനികള്‍, സെന്ററുകള്‍, മന്ത്രാലയങ്ങള്‍ തുടങ്ങിയവ പങ്കാളികളായി. സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

തലമുറകളിലൂടെ കൈമാറിവന്ന ജനപ്രിയ ആഘോഷമാണ് ഗരന്‍ഗാവോ. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ കുരുന്നുകള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. കത്താറ എസ്പ്ലനേഡിലെ ആംഫി തിയെറ്ററില്‍ വെച്ച് കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു.

എല്ലാവര്‍ഷവും കത്താറയില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സൂഖ് വാഖിഫിലെ ആഘോഷങ്ങളിലും വലിയ പങ്കാളിത്തമുണ്ടായി. ഖത്തരി പൈതൃകത്തിന്റെ പ്രതിഫലനമായിരുന്നു ആഘോഷങ്ങളില്‍ പ്രകടമായത്. കുട്ടികള്‍ക്ക് ഇവിടെയും സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

എയര്‍പോര്‍ട്ട് സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലും സമുചിതമായി ആഘോഷിച്ചു.

ഖത്തറിന്റെ വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. അല്‍ജസ്‌റ കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ ക്ലബ്ബ സൂഖ് വാഖിഫില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. അല്‍ദന ഗേള്‍സ് സെന്റര്‍, ദോഹ യൂത്ത് സെന്റര്‍, അല്‍ഖോര്‍ യൂത്ത് സെന്റര്‍ എന്നിവയും ആഘോഷങ്ങളില്‍ പങ്കാളികളായി.

ദോഹ യൂത്ത് സെന്ററിന്റെ പരിപാടികള്‍ ഹയാത്ത് പ്ലാസ മാളിലായിരുന്നു അരങ്ങേറിയത്. അല്‍ഖോറിലെയും ദഖീറയിലെയും താമസക്കാര്‍ അല്‍ഖോര്‍ യൂത്ത് സെന്ററിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തു. രാജ്യത്തെ വാണിജ്യ കോംപ്ലക്‌സുകളും ആഘോഷങ്ങളില്‍ പങ്കാളികളായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഊദി വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന ആശ്ചര്യകരം: അല്‍ഖാതിര്‍

‘അറിവിന്റെ വാതായനം തുറന്ന ലൈലത്തുല്‍ മആരിഫ്’