
ദോഹ: ഗരന്‍ഗാവോ ആഘോഷങ്ങള്‍ ഖത്തറില്‍ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ കഴിഞ്ഞദിവസമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ രാത്രി കത്താറയില്‍ ഗരന്‍ഗാവോ നൈറ്റ് എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
കുട്ടികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായി. രാത്രി ഒന്‍പതു മുതല്‍ പതിനൊന്നുവരെ കത്താറ ഇടനാഴികളിലും ആംഫിതിയറ്ററിലുമായിട്ടായിരുന്നു പരിപാടികള്‍. കുട്ടികള്‍ക്കായുള്ള റമദാനിലെ ആഘോഷമാണ് ഗരന്‍ഗാവോ. പരമ്പരാഗത വേഷമണിഞ്ഞാണ് കുട്ടികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്.

ഖത്തറിലെ ചെറുതും വലുതുമായ മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും ഉള്‍പ്പടെ ഗരന്‍ഗാവോ ആഘോഷങ്ങള്‍ നേരത്തെതന്നെ തുടങ്ങിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പുതുവസ്ത്രങ്ങളണിഞ്ഞ് കഴുത്തില്‍ സഞ്ചി തൂക്കി എല്ലാ റമദാന് പതിന്നാലിനും കൊച്ചു കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങും. ഈ ആഘോഷവും സൂഖ് വാഖിഫ്, കത്താറ കള്‍ച്ചറല്‍ വില്ലേജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളെ വര്‍ണാഭമാക്കുന്നു.
മിഠായികളും നാണയങ്ങളുമാണ് കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കുക. ഓരോ വീടുകളിലും അവര്‍ കയറിയിറങ്ങും. കത്താറയും ക്യുഎഫും ഷോപ്പിങ് മാളുകളും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ ഥൗബും തൊപ്പിയും ധരിച്ച് ആണ്‍കുട്ടികളും പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്നലും ധരിച്ച് പെണ്‍കുട്ടികളും ആഘോഷത്തില്‍ പങ്കുചേരും.
രാത്രിയില്‍ തിളങ്ങുന്ന ഗരന്‍ഗാവോ സഞ്ചികളുമായിട്ടായിരിക്കും കുട്ടികള്‍ വീടുകളിലേക്കെത്തുക. മുതിര്‍ന്നവര്‍ക്ക് ആത്മീയനുഭൂതിയുടെ ദിവ്യരാവുകള് സമ്മാനിക്കുന്ന നോമ്പുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് ആഹ്ലാദിക്കാനുള്ള അവസരമാണ് ഗരന്‍ഗാവോ. മിക്ക ഗള്‍ഫ്നാടുകളിലും ഗരന്‍ഗാവോ ആഘോഷിക്കാറുണ്ട്. മത ചടങ്ങുകളുമായി ബന്ധമില്ലാത്ത ഈ പരമ്പരാഗത ആഘോഷം ഇന്ന് ഏറെ വര്‍ണമനോഹരവും വിപുലവുമാണ്.
കുട്ടികളുടെ പെരുന്നാള്‍ എന്നു വിളിക്കുന്ന ഗരന്‍ഗാവോ രാവുകളില്‍ അവരെ സന്തോഷിപ്പിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
ഗരന്‍ഗാവോ രാവില്‍ നോമ്പുതുറക്കുന്നതോടെ കുട്ടികള്‍ വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് കഴുത്തില്‍ നിറപ്പകിട്ടുള്ള ഗരന്‍ഗാവോ സഞ്ചികളും തൂക്കി പാട്ടുപാടി വീടുകള്‍ തോറും കയറിയിറങ്ങുന്നതാണ് ആഘോഷരീതി. ഓരോ വീട്ടിലും കുട്ടികളെ സ്വീകരിക്കാന്‍ വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിഠായികളും അണ്ടിപ്പരിപ്പുമെല്ലം സൂക്ഷിച്ചിട്ടുണ്ടാവും. പരമ്പരാഗത മാര്‍ക്കറ്റുകളില്‍ ഇതിനായി മധുരപലഹാരങ്ങളും പരിപ്പുകളും പ്രത്യേകം ഒരുക്കും.
ഗരന്‍ഗാവോ സംഘങ്ങള്‍ക്കായി പരമ്പരാഗതമായ പാട്ടുകളും ഉണ്ട്. കത്താറയില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളും കുടുംബങ്ങളുമായി കത്താറയിലെത്തുന്നവര്ക്ക് പരിപാടികളില്‍ പങ്കാളികളാകാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന റമദാന് മാര്‍ക്കറ്റില്‍ ഗരന്ഗാവോയോടനുബന്ധിച്ചുള്ള പരിപാടികള്‍ ഇന്നും തുടരും. രാത്രി 8.30 മുതല്‍ 10.30 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഗരന്‍ഗാവോ സ്പെഷ്യല്‍ മാസ്കോട്ടുകള്‍, ക്ലൗണ്‍ ബലൂണ്‍ ട്വിസ്റ്റര്‍, മിഠായികളടങ്ങിയ സൗജന്യ ഗരന്‍ഗാവോ ബാഗുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പ് പ്രത്യേക ഗരന്‍ഗാവോ പരിപാടികള്‍ ഇന്നും തുടരും. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ഗരന്‍ഗാവോ ആഘോഷങ്ങളിലും കുരുന്നുകളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു.