
ദോഹ: ഖത്തറിലും ആഗോളതലത്തിലും പുരുഷന്‍മാരിലെ പുകയില ഉപയോഗം കുറയുന്നതായി റിപ്പോര്‍ട്ട്. പുകയില ഉപയോഗത്തിന്റെ വ്യാപനം 2000-2025 സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) മൂന്നാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിയന്ത്രണ ശ്രമങ്ങള്‍ ജീവന്‍ രക്ഷിക്കാനും ആരോഗ്യം സംരക്ഷിക്കാനും പുകയിലയെ തോല്‍പ്പിക്കാനും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ആഗോളതലത്തില്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 2000 ല്‍ 1.397 ബില്ല്യണില്‍ നിന്ന് 2018ല്‍ 1.337 ബില്യണായി കുറഞ്ഞു. ഈ കാലയളവില്‍ ഏകദേശം 60 ദശലക്ഷം പേരുടെ കുറവ്.
ഏകദേശം 60 ശതമാനം രാജ്യങ്ങളിലും 2010 മുതല്‍ പുകയില ഉപയോഗം കുറയുന്നുണ്ട്. വരുംവര്‍ഷങ്ങളിലും ആഗോളതലത്തില്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുകയില വ്യാപനം പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്‍പ്പടെ സ്വീകരിക്കുന്ന നടപടികള്‍ ഫലം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഖത്തറില്‍, 15 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കിടയില്‍ പുകയില ഉപയോഗം 2000ല്‍ 30.2 ശതമാനവും 2005ല്‍ 29.5 ശതമാനവുമായിരുന്നു. 2020 ല്‍ ഇത് 28.1 ശതമാനമായും 2025ല്‍ 27.5 5 ശതമാനമായും കുറയുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്കിടയിലെ പുകയില ഉപയോഗം 2000ല്‍ 2.5 ശതമാനമായിരുന്നു.
2020ല്‍ ഇത് 1.1 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാര്‍ക്കിടയില്‍ പുകയില ഉപയോഗം കുറയുന്നത് പുകയിലയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരു വഴിത്തിരിവാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മാരകമായ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി കാണുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതാദ്യമായി, പുരുഷന്‍മാരിലെ ഉപയോഗത്തില്‍ കുറവുണ്ടാകുന്നത് കാണാനായി. പുകയില വ്യവസായത്തില്‍ സര്‍ക്കാരുകള്‍ കര്‍ശനമായി ഇടുപെടുന്നതാണ് ഇതിനു കാരണം. ഈ താഴ്ന്ന പ്രവണത നിലനിര്‍ത്തുന്നതിന് ലോകാരോഗ്യ സംഘടന രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ സിഗരറ്റ്, പൈപ്പുകള്‍, സിഗറുകള്‍, വാട്ടര്‍ പൈപ്പുകള്‍, പുകയില്ലാത്ത പുകയില ഉല്‍പന്നങ്ങള്‍ (ബീഡിസ്, ചെറൂട്ട്, ക്രെടെക് എന്നിവ), ചൂടായ പുകയില ഉല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനസംഖ്യാ വര്‍ധനവുണ്ടായിട്ടും പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ഇതാദ്യമായി കുറയുന്നതായി ഈ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.