
ദോഹ: ബദായി ഹോ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ അഭിനേത്രി സന്യ മല്‍ഹോത്ര വേനല്‍ അവധി ആഘോഷിക്കാനെത്തിയത് ഖത്തറില്‍. മുംബൈയിലെ മണ്‍സൂണില്‍ നിന്നും മാറിയാണ് ഖത്തറിന്റെ വേനല്‍ ആഘോഷത്തില്‍ സന്യ പങ്കാളിയായത്.
ജോലിയില്‍ നിന്നും തിരക്കുകളില്‍നിന്നും മാറി മണ്‍സൂണ്‍ ബ്ലൂസില്‍ നിന്നും രക്ഷപ്പെടാനും സൂര്യപ്രകാശവും ഇത്തപ്പനകളും ആസ്വദിക്കാനും കഴിയുന്നതില്‍ വളരെയധികം ആഹ്ലാദമുണ്ടെന്ന് സന്യ പ്രതികരിച്ചു.

പ്രശസ്തമായ സ്ഥലങ്ങളില്‍ സന്ദര്‍ശനം, അവധിക്കാലം മുതലുള്ള നിമിഷങ്ങളെല്ലാം പകര്‍ത്തല്‍, പ്രാദേശിക വിഭവങ്ങള്‍ പരീക്ഷിക്കല്‍, വിപണികളില്‍ സന്ദര്‍ശനം നടത്തല്‍ തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പങ്കെടുത്തുകൊണ്ട് ഖത്തറിലെ അവധിആഘോഷം ആസ്വാദ്യമാക്കുകയാണ് സന്യ.
ദംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സന്യ മല്‍ഹോത്ര പട്ടാഖ, ഫോട്ടോഗ്രാഫ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സിലെ ആഡംബരയാത്രയോടെയാണ് സന്യയുടെ ഖത്തറിലെ അവധിക്കാലം തുടങ്ങിയത്.
ഖത്തരി ആതിഥ്യമര്യാദയുടെ സത്ത ഉള്‍ക്കൊള്ളുന്ന ഭക്ഷ്യരുചി ആസ്വദിക്കാനായി. സാംസ്കാരിക, ചരിത്ര, നിഗൂഢ(മിസ്റ്റിക്കല്‍) രാജ്യമായി ഖത്തര്‍ തന്നെ ആശ്ചര്യപ്പെടുത്തിയതായും ബോളിവുഡ് താരം പറഞ്ഞു.
സുഗന്ധ വ്യജ്ഞനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, പ്രാദേശിക വസ്തുക്കള്‍ എന്നിവക്കെല്ലാം പേരുകേട്ട സൂഖ് വാഖിഫ്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മരുഭൂ സവരിയും ആസ്വദിച്ചു.