അമീര്‍ അംഗോള പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗോള പ്രസിഡന്റ് ജൊവോ മാനുവേല്‍ ലൗറെന്കോയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. അമീരിദിവാനിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം ചര്‍ച്ച ചെയ്തഇരുവരും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും വിലയിരുത്തി. ഊര്‍ജം, നിക്ഷേപം, വ്യോമ, സമുദ്രഗതാഗതം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.

മന്ത്രിമാരും അംഗോള പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധിസംഘവും ചര്‍ച്ചകളില്‍ പങ്കെടുത്തു.അമീരിദിവാനില്‍ അംഗോള പ്രസിഡന്റിന് ഔദ്യോഗിക വരവേല്‍പ്പും ഒരുക്കിയിരുന്നു.
ഖത്തറും അംഗോളയും തമ്മില്‍ ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവച്ചു. രണ്ടുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ കൂടിയാലോചന സംബന്ധിച്ച പ്രോട്ടോക്കോള്‍, നയതന്ത്ര, പ്രത്യേക പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ക്ക് വിസ ആവശ്യകത ഒഴിവാക്കുന്നതിനുള്ള കരാര്‍, സമുദ്രഗതാഗത കരാര്‍ എന്നിവയില്‍ ഒപ്പുവച്ചു.
തുറമുഖ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം, പരസ്പര നിക്ഷേപത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനുമുള്ള കരാര്‍, സാമ്പത്തിക വാണിജ്യ സാങ്കേതിക സഹകരണം സംബന്ധിച്ച കരാര്‍ എന്നിവയിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.