in ,

ഖമീസ് അല്‍ഉബൈദ്‌ലി ഇന്റര്‍ചേഞ്ചിന്റെ പ്രവൃത്തി 62% പൂര്‍ത്തിയായി

ദോഹ: ഇ റിംഗ് റോഡിലെ ഖമീസ് അല്‍ഉബൈദ്‌ലി ഇന്റര്‍ചേഞ്ചിന്റെ 62 ശതമാനം വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിനെ ഉദ്ധരിച്ച് പ്രാദേശിക അറബി ദിനപത്രമായ അല്‍റായയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇന്റര്‍ചേഞ്ച് റോഡിന്റെ എല്ലാ വശങ്ങളിലും സുഗമമായ ട്രാഫിക് പ്രവാഹം ഉറപ്പാക്കും. മൂന്നു മുതല്‍ നാലുവരെ ട്രാക്കുകളുള്ള ഇന്റര്‍ചേഞ്ചില്‍ രണ്ട് ദിശകളിലും മണിക്കൂറില്‍ 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകുമെന്ന് അശ്ഗാല്‍ പ്രോജക്ട് മാനേജര്‍ ഹസ്സന്‍ അല്‍ഗാനിം പറഞ്ഞു.

2020 രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തീകരണം പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ചില ഭാഗങ്ങള്‍ അടുത്തവര്‍ഷം ആദ്യ പാദത്തില്‍ തന്നെ തുറക്കും. പെന്റഗണ്‍ ആകൃതിയിലുള്ള ഇന്റര്‍ചേഞ്ചിന് സവിശേഷമായ രൂപകല്‍പ്പനയാണുള്ളത്. ഇ-റിങ് റോഡ്, ദോഹ എക്‌സ്പ്രസ്സ് വേ, സബാഹ് അല്‍അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖയ്ല്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ ഇന്റര്‍ചേഞ്ച്.

കൂടാതെ നുഐജ, അല്‍തുമാമ, അബുഹമൂര്‍, അല്‍മാമൂറ, മീസൈമീര്‍ എന്നിവിടങ്ങളിലെ റസിഡന്‍ഷ്യല്‍ മേഖലകളിലേക്കും പ്രവേശനം സുഗമമാകും. അല്‍വഖ്‌റ, വുഖേര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനുമാകും.

2022 ഫിഫ ലോകകപ്പിന്റെ വേദികളിലൊന്നായ അല്‍തുമാമ സ്റ്റേഡിയം, സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി നിരവധി സുപ്രധാനസൗകര്യങ്ങളുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്.

കാല്‍നടയായി അല്‍തുമാമ സ്റ്റേഡിയത്തിലേക്ക് വേഗത്തിലും സൗകര്യപ്രദമായും പ്രവേശിക്കുന്നതിനായി ഇന്റര്‍ചേഞ്ചിനൊപ്പം മൂന്നു കാല്‍നടപ്പാലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡുസുരക്ഷ വര്‍ധിപ്പിക്കുന്നതിനായി എക്‌സ്‌ക്ലൂസീവായി സൈക്കിള്‍ പാതകളും നിര്‍മിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടില്‍റ്റെഡ് ഇന്റര്‍സെക്ഷന്‍ തുരങ്കപാതയുടെ പ്രധാനഭാഗം തുറന്നു

വളര്‍ച്ചയുടെ താക്കോല്‍ വൈവിധ്യവല്‍ക്കരണവും സ്വയംപര്യാപ്തതയും: അല്‍കുവാരി