
ദോഹ: രാജ്യത്തെ പഴം, പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കിയ കര്‍മപദ്ധതിയ്ക്ക് മികച്ച പ്രതികരണം. വെയ്ല് കോര്‍ണല്‍ മെഡിസിന്- ഖത്തറാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വെയ്ല്‍കോര്‍ണല്‍ നടപ്പാക്കുന്ന സഹ്തക് അവ്വലന്‍(നിങ്ങളുടെ ആരോഗ്യം ആദ്യം) എന്ന ഫ്ളാഗ്ഷിപ്പ് ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായിട്ടാണിത്. സ്കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഖയ്ര്‍ ഖത്തര്ന എന്ന പേരില്‍ ഹരിതഗൃഹ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പഴം, പച്ചക്കറി ഉത്പാദനത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ സ്കൂളുകളിലേക്കും ഹരിതഗൃഹ പദ്ധതി വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്റെ മൂന്നു സ്കൂളുകളില്‍ ഹരിതഗൃഹങ്ങള്‍ സജ്ജമാക്കി. ഇതോടെ വിളവെടുപ്പില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗ്രീന്‍ഹൗസുകളാണ് ഈ സ്കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. റെനാദ് അക്കാഡമി, ഖത്തര്‍ അക്കാഡമിയുടെ അല്‍ഖോര്‍, അല്‍വഖ്റ ക്യാമ്പസുകള്‍ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിയന്ത്രിത ഹരിതഗൃഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീയൂണിവേഴ്സിറ്റി എജ്യൂക്കേഷനും സഹ്തക് അവ്വലനും സഹകരിച്ചാണിത്. തക്കാളി, വെള്ളരി, വഴുതനങ്ങ, സ്ട്രോബെറി, കുരുമുളക് എന്നിവയുള്‍പ്പെടെ വിവിധതരം പുതിയ ഉല്പന്നങ്ങള് എങ്ങനെ കൃഷി ചെയ്യാമെന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിക്കാന്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ അഞ്ചു ടണ്‍ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്.
ഖയ്ര്‍ ഖത്തര്ന എന്ന ബ്രാന്‍ഡില്‍ പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേനയാണ് പച്ചക്കറികള്‍ വിറ്റഴിക്കുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 130ലധികം സ്കൂളുകള്‍ക്ക് ഗ്രീന്‍ഹൗസുകള്‍, സോയില്‍ പ്ലാന്റുകള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ തുടങ്ങിയവ വിതരണം ചെയ്തിരുന്നു. തക്കാളി, വെള്ളരിക്ക, കുരുമുളക്, ബിന്‍സ് എന്നിവയുള്‍പ്പടെയുള്ളവ വിളവെടുക്കാനായി. പദ്ധതി നടപ്പാക്കി ആദ്യവര്‍ഷം തന്നെ മികച്ച വിജയം കൈവരിക്കാനായിരുന്നു.
2012ല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വെയ്ല് കോര്‍ണല്‍ മെഡിസിന് ഖത്തറാണ് സഹ്തക് അവ്വലന്‍ എന്ന ആരോഗ്യ ക്യാമ്പയിന് തുടക്കം കുറിച്ചത്. അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കി ആരോഗ്യ ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. 15 സ്കൂളുകളില്‍ തുടക്കമിട്ട ഹരിതഗൃഹ പദ്ധതി ഇതിനകം നൂറിലധികം സര്‍ക്കാര്‍ എലമെന്ററി സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വിത്തും വളര്ത്തനാവശ്യമായ മണ്ണും നല്കി എങ്ങിനെയാണ് സ്വന്തം പച്ചക്കറികളും പഴവര്‍ഗങ്ങളും വളര്‍ത്തിയെടുക്കുക എന്നതില്‍ പാഠങ്ങള്‍ പകര്ന്നുനല്കും.
സ്വന്തമായി കൃഷി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും വിശദീകരിക്കും. സഹ്തക് അവ്വലന്റെ ഭാഗമായി നിലവില്‍തന്നെ സ്കൂളുകളില്‍ നടപ്പാക്കിവരുന്ന പ്രൊജക്റ്റ് ഗ്രീന്‍ഹൗസ് പദ്ധതി വിപുലീകരിക്കുകയാണ്. വലിയതോതില്‍ അത്യാധുനിക സൗകര്യങ്ങളോടെ, കാലാവസ്ഥാ നിയന്ത്രിത ഹരിതഗൃഹങ്ങള്‍ തെരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തിലും സാങ്കേതിക മേല്‍നോട്ടത്തിലും പഴങ്ങളും പച്ചക്കറികളും ഈ ഹരിതഗൃഹങ്ങള്‍ മുഖേന ഉത്പാദിപ്പിച്ചുവരുന്നു.
ഉത്പന്നങ്ങളുടെ വിതരണവും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. വിദ്യാര്‍ഥികളുടെ പദ്ധതിയുമായുള്ള സഹകരണം തുടര്‍ന്നുമുണ്ടാകും. ഭക്ഷ്യോത്പാദനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ അവര്‍ക്ക് പദ്ധതി സഹായകമാകും.
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് വിദ്യാര്‍ഥികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കാന്‍ സഹായകമായ പദ്ധതിയാണ് പ്രൊജക്റ്റ് ഗ്രീന്‍ഹൗസ്. സ്കൂളുകളെ ഉത്പാദനക്ഷമമായ യൂണിറ്റുകളായി പരിവര്‍ത്തിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.പരിസ്ഥിതി നിയന്ത്രിതവും അത്യാധുനിക ജലസേചന സംവിധാനവുമുള്ള ഗ്രീന്‍ഹൗസുകളാണ് പദ്ധതിക്കായി സ്കൂളുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.