
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യവേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സുരക്ഷാക്രമീകരണങ്ങളെല്ലാം സജ്ജമായതായി സുരക്ഷാസമിതി.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്(ഐഎഎഎഫ്) നിശ്ചയിച്ചിട്ടുള്ള എല്ലാ സുരക്ഷാ ആവശ്യകതകളും പ്രയോഗിക്കുന്നതിനൊപ്പം ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതിനുള്ള സുരക്ഷാ പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ സമിതി അസിസ്റ്റന്റ് ഹെഡും ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സുരക്ഷാ ഡയറക്ടറുമായ ക്യാപ്റ്റന്‍ സാലിഹ് അല്‍തുര്‍ക്കി പറഞ്ഞു.
നേരത്തെ വികസിപ്പിച്ച സുരക്ഷാതന്ത്രത്തിനനുസൃതമായാണ് ഖലീഫ സ്റ്റേഡിയത്തിന്റെ സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. നൂതനമായ സാങ്കേതികസംവിധാനങ്ങളുടെ പിന്‍ബലത്തോടെയാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സുരക്ഷാനടപടിക്രമങ്ങള്‍ ലളിതമാണെങ്കിലും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരവധി ഘട്ടങ്ങള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്.
സുരക്ഷാ സമിതി രൂപീകരിച്ച സുരക്ഷാ കൂടാരങ്ങളിലൂടെ കടന്നുപോകുന്നതാണ് ആദ്യ ഘട്ടം, സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ദിശകളിലുമായി ഏഴ് വലിയ കൂടാരങ്ങളും പ്രവേശന കവാടങ്ങളോട് ചേര്‍ന്നുള്ള പ്രവര്‍ത്തന മേഖലയും മത്സരങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പൊതുജനങ്ങള്‍ക്കായി തുറക്കും. സ്റ്റേഡിയത്തിനുള്ളില്‍ കാഴ്ചക്കാരുടെ സേവനങ്ങള്‍ക്കായി വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രശ്നങ്ങളൊന്നുമില്ലാതെ മത്സരങ്ങള്‍ കാണുന്നതിനും അതുപോലെ തന്നെ നിരോധിച്ച വസ്തുക്കള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായാണ് സുരക്ഷാ പരിശോധനയെന്ന് അല്‍തുര്‍ക്കി ചൂണ്ടിക്കാട്ടി. നിരോധിത ഉത്പന്നങ്ങള്‍ ഒരുകാരണവശാലും സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരരുത്. നിരോധിത വസ്തുക്കള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങള്‍ സഹിതം സുരക്ഷാ കൂടാരങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിലും സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിലും എല്ലാ സുരക്ഷായൂണിറ്റുകളും തമ്മില്‍ പൂര്ണസഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പ്രവര്‍ത്തനം. 2017 മേയ് 19നാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നവീകരിച്ച ഖലീഫ സ്റ്റേഡിയം 2022 ഫിഫ ലോകകപ്പിന്റെ ആദ്യ വേദിയായി ലോകത്തിന് സമര്‍പ്പിച്ചത്.
48000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി. ലോകത്തിലെ ഏറ്റവും വലിയ ശീതീകരിച്ച തുറന്ന സ്റ്റേഡിയമെന്ന ഖ്യാതി ഖലീഫ സ്റ്റേഡിയത്തിന് സ്വന്തം. അത്യാധുനികമായ ശീതീകരണ സംവിധാനമാണ് സ്റ്റേഡിയത്തില്‍ നടപ്പാക്കിയിരിക്കുന്നത്. എല്ലാ സീസണുകളിലും കായിക മത്സരങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ വിധത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന.
പരമ്പാരഗത ശീതീകരണ സംവിധാനത്തേക്കാള്‍ 40 ശതമാനം കുറച്ച് ഊര്‍ജം മതിയെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്റ്റഡിയത്തിനുള്ളില് താപനില 26 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ കഴിയും. 1976 ല്‍ അല്‍ റയ്യാനിലാണ് ഖലീഫ സ്റ്റേഡിയം നിര്‍മിച്ചത്. തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസിനായി നവീകരിച്ചിരുന്നു. സുപ്രീം കമ്മിറ്റിയുടെ ഓഹരിപങ്കാളികളില് ഒന്നായ ആസ്പയര് സോണ്‍ ഫൗണ്ടേഷനാണ് 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന ഖലീഫ സ്റ്റേഡിയത്തെ അത്യാധുനിക നിലവാരത്തിലേക്ക് ഒരുക്കിയത്. അള്‍ട്രാ മോഡേണ്‍ ശൈലിയിലാണ് സ്റ്റേഡിയം നവീകരിച്ചിരിക്കുന്നത്.
പ്രത്യേക എല്‍ഇഡി ലൈറ്റിങ് ക്രമീകരണമാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി പിച്ച്ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ മികച്ച പത്തു സ്റ്റേഡിയങ്ങളുടെ പട്ടികയിലും ഖലീഫ സ്റ്റേഡിയം ഇടംനേടിയിട്ടുണ്ട്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ചെല്‍സിയ, പിഎസ്വി ഇന്‍ദോവന്‍, ആംസ്റ്റര്‍ഡാം അറീന സ്റ്റേഡിയങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി പിച്ച് ലൈറ്റിങ് സംവിധാനത്തിന്റെ മാതൃകയാണ് ഖലീഫ സ്റ്റേഡിയത്തിലും തയാറാക്കിയിരിക്കുന്നത്.