
ദോഹ: ഖിഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ പതിമൂന്നാം പതിപ്പ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തില്‍ കെ.എം.സി.സി.മലപ്പുറം മാക് കോഴിക്കോടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന അത്യന്തം ആവേശംനിറഞ്ഞ മത്സരമായിരുന്നതിനാല്‍ രാത്രിയേറെ വൈകിയിട്ടും ദോഹ സ്‌റ്റേഡിയത്തില്‍ ഗ്യാലറികള്‍ ജനനിബിഡമായിരുന്നു. മത്സരത്തിന്റെ തുടക്കം മാക് കോഴിക്കോടിന്റെ ആധിപത്യത്തോടെയായിരുന്നു. പതുക്കെ മലപ്പുറം ആത്മവിശ്വാസം വീണ്ടെടുത്ത് മികച്ച കളി പുറത്തെടുക്കയായിരുന്നു. പിന്നോട്ട് ചെറിയ പാസ്സുകള്‍ നല്‍കി ആക്രമണ ഫുട്‌ബോളിന് പുതിയ തന്ത്രം പയറ്റിയ മലപ്പുറത്തിന് ലക്ഷ്യം കാണാന്‍ മുപ്പത്തിമൂന്നാം മിനുട്ടു വരെ കാത്തിരിക്കേണ്ടി വന്നു. പ്രതിരോധത്തിലൂന്നി കളിച്ച മാക് താരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മലപ്പുറത്തെ ഭയപ്പെടുത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. കളിയുടെ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരുഗോളിന് മലപ്പുറം മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തിരിച്ചടിക്കാന്‍ കോഴിക്കോട് പതിനെട്ടടവുകളും പയറ്റിയെങ്കിലും മത്സരത്തിന്റെ ആഡ്ഓണ്‍ ടൈമില്‍ ഒരു ഗോളു കൂടി സ്‌കോര്‍ ചെയ്ത് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മത്സരം അവസാനിച്ചപ്പോള്‍ സ്‌കോര്‍ബോഡില്‍ 2-0. മലപ്പുറത്തിനുവേണ്ടി വിഷ്ണുവും സുധീഷും ഗോളുകള്‍ നേടി.