
ദോഹ: നിരത്തുകളിലെ ഗതാഗത അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നു.
അമിതവേഗതയും സന്ദേശം അയക്കലുമാണ്(ടെക്സ്റ്റിങ്) റോഡപകടങ്ങളുടെ രണ്ടു പ്രധാന കാരണങ്ങളെന്ന് ജനറല്‍ ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഈ രണ്ട് ലംഘനങ്ങള്‍ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ട്.
അപകടങ്ങള്‍ മൂലം ജീവനും പൊതു സ്വത്തുക്കളും പൊതു സ്വത്തുക്കളും നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉന്നതതലയോഗത്തില്‍ പങ്കെടുക്കവെ ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
പ്രായ വ്യത്യാസമില്ലാതെ എല്ലാ ഡ്രൈവര്‍മാര്‍ക്കിടയിലും സര്‍വസാധാരണമായ ലംഘനങ്ങളാണ് അമിതവേഗതയും ടെക്സ്റ്റിങും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കില്‍തന്നെയും ജനസംഖ്യയിലും വാഹനങ്ങളുടെ എണ്ണത്തിലും സമീപകാലയളവുകളില്‍ വര്‍ദ്ധനവുണ്ടായിട്ടും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപകടങ്ങളും അവയുടെ ഫലമായുണ്ടാകുന്ന മരണങ്ങളും കുറയ്ക്കുന്നതില്‍ ഡയറക്ടറേറ്റ് വിജയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനമോടിക്കുമ്പോള്‍ അമിതവേഗത, മൊബൈല്‍ ഉപയോഗം എന്നിവയുടെ പ്രത്യാഘാതങ്ങളെയും അപകടങ്ങളും മതപ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജനങ്ങള്‍ക്കിടയില്‍ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.