in ,

ഗതാഗത നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിന് കാമ്പയിന്‍ തുടരുന്നു

ട്രാഫിക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കോര്‍ണീഷില്‍ വാഹനയാത്രികര്‍ക്ക് ബ്രോഷറുകള്‍ നല്‍കുന്നു

ദോഹ: നിരത്തുകളിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനും റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ പ്രതിരോധിക്കുന്നതിനുമായി ആഭ്യന്തരമന്ത്രാലയം നടത്തുന്ന കാമ്പയിന്‍ തുടരുന്നു.വാഹന, കാല്‍നട യാത്രികര്‍ റോഡുസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.

നിയമങ്ങള്‍ പാലിക്കാതെയും അശ്രദ്ധമായും ജാഗ്രതക്കുറവോടെയുമുള്ള യാത്രകളും നടപടികളും മരണത്തിനും ഗുരുതര പരിക്കുകള്‍ക്കുമിടയാക്കും. ഗതാഗത അപകടങ്ങള്‍ കുറക്കുക, ഗതാഗത നിയമലംഘനങ്ങള്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കാമ്പയിന്‍ സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹ കോര്‍ണീഷില്‍ വാഹനയാത്രികര്‍ക്കിടയില്‍ ബോധവത്കരണം നടത്തി. ട്രാഫിക് പട്രോള്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്.

മഞ്ഞ ബോക്‌സുകളില്‍ വാഹനം നിര്‍ത്തുന്നത് ഉള്‍പ്പടെയുള്ള ലംഘനങ്ങള്‍ക്കെതിരെയാണ് ബോധവത്കരണം. വാഹനം ഓടിക്കുന്നവര്‍ക്കുള്‍പ്പടെ ബ്രോഷറുകളും ലഘുലേഖകളും വിതരണം ചെയ്തു.

നിരത്തുകളില്‍ ഡ്രൈവര്‍മാരുടെ അവകാശങ്ങളും കടമകളും ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ലഘുലേഖകള്‍. ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദല്ല ഡ്രൈവിങ് അക്കാഡമിയിലെ പരിശീലകര്‍ക്കായി സാധാരണയുള്ള നിയമലംഘനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പ്രഭാഷണം സംഘടിപ്പിച്ചു. ജൂലൈ ഒന്നിനാണ് കാമ്പയിന്‍ തുടങ്ങിയത്.

ട്രാഫിക് പട്രോളിങിനെ വിന്യസിക്കുന്നതിലൂടെ നേരിട്ടുള്ള അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഗതാഗത സുരക്ഷാ ചടങ്ങള്‍, സുരക്ഷിതമായ ഡ്രൈവിങ് എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നിതാണ് കാമ്പയിന്റെ ലക്ഷ്യം.

അപകടരഹിത വേനല്‍ക്കാല പ്രചാരണത്തിന്റെ ഭാഗമായി അവബോധം വളര്‍ത്തുന്നതിലൂടെ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കാനാകുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രതീക്ഷിക്കുന്നത്.

സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, വലതുവശത്തുകൂടെ വാഹനം മറികടക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, പ്രത്യേക ആവശ്യങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കായി കരുതിവെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യല്‍, മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുക വഴി ഗതാഗതം തടസപ്പെടുത്തല്‍ എന്നിവ ഉള്‍പ്പടെയുള്ള ലംഘനങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്തുന്നതില്‍ അപകടരഹിത വേനല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നിരത്തുകളില്‍ കാല്‍നടയാത്രികരുടെ നിയമലംഘനങ്ങള്‍ കുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നേരത്തെയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് റിഫ്‌ളക്ടീവ് സേഫ്റ്റി വെസ്റ്റ്(പ്രതിഫലന സുരക്ഷാ വസ്ത്രം) വിതരണം ചെയ്തു.

നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ റോഡ് എങ്ങനെ സുരക്ഷിതമായി മുറിച്ചുകടക്കണം എന്നതിലുള്‍പ്പടെ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തി. കാല്‍നടയാത്രികരുടെ നിയമലംഘനങ്ങള്‍ തടയുന്നതിനും റോഡുകളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം കര്‍ശനമായി നടപ്പാക്കാന്‍ ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

നിയമലംഘകര്‍ക്ക് നിയമലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ച് നൂറു റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജുവനൈല്‍ പോലീസ് വകുപ്പിന്റെ സുരക്ഷിത വേനല്‍ കാമ്പയിന്‍ സമാപിച്ചു

ഏഷ്യന്‍ വനിതാ റഗ്ബി സെവന്‍സിനായി ഖത്തര്‍ ടീം സജ്ജമായി