in , , , , , ,

ഗതാഗത മേഖലയിലെ സ്വപ്‌നപദ്ധതി ഷര്‍ഖ് ക്രോസിങ് 2020ലെ ബജറ്റില്‍

ആര്‍ റിന്‍സ്
ദോഹ

ദോഹയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ശര്‍ഖ് ക്രോസ്സിങ് പദ്ധതി 2020ലെ ബജറ്റില്‍ ഇടംനേടി. റാസ് അബു അബൗദിനെയും വെസ്റ്റ്‌ബേയെയും ബന്ധിപ്പിക്കുന്നതാണ് ശര്‍ഖ് ക്രോസിംഗ് പദ്ധതി നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ടണലുകളും പാലങ്ങളും ഉള്‍പ്പെടുന്ന പന്ത്രണ്ട് കിലോമീറ്റര്‍ പദ്ധതിയാണിത്.
2014ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതയിരുന്നു. 2015ല്‍ നിര്‍മാണം തുടങ്ങി 2021നകം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. പക്ഷെ പദ്ധതി 2015ല്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം അമീര്‍ അംഗീകരിച്ച പൊതുബജറ്റില്‍ ശര്‍ഖ് ക്രോസ്സിങ് പദ്ധതി ഉള്‍പ്പെടുത്തുകയായിരുന്നു. ലോകത്തിലെ അല്‍ഭുത പാതയെന്ന് വിശേഷിപ്പിക്കുന്നതാണ് ഷര്‍ഖ് ക്രോസിങ്. പാലവും ടണലും ഇടവിട്ടു വരുന്ന മാസ്റ്റര്‍പീസ് ഡിസൈനാണു പദ്ധതിയുടെ പ്രത്യേകത. ദോഹയിലെ ഗതാഗതക്കുരുക്കു കുറയ്ക്കുന്നതും കടലോര കാഴ്ചയുടെ സൗന്ദര്യവും ടൂറിസം സാധ്യതയും കൂട്ടുന്നതുമായ പദ്ധതിയാണിത്.
നേരത്തെ അംഗീകരിച്ച മാസ്റ്റര്‍പ്ലാനും ഡിസൈനുമാണ് നടപ്പാക്കുന്നതെങ്കില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ വെസ്റ്റ് ബേയെ ബന്ധിപ്പിച്ചു കത്താറ വരെ കടലിലൂടെ നീളുന്ന പാതയാവുമിത്. ഇതില്‍ എട്ടു കിലോമീറ്ററും കടലിനടിയില്‍ക്കൂടിയാണ്. മൂന്നു വന്‍ പാലങ്ങള്‍ ബാക്കിഭാഗത്തെ കരയുമായി ബന്ധിപ്പിക്കും.
ഒരു മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്നതാണു പാത.കടലിനുള്ളിലൂടെയും മുകളിലൂടെയും മാറിമാറി സഞ്ചരിക്കാന്‍ കഴിയുന്ന അദ്ഭുത പാതയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദോഹയെ ഗതാഗതക്കുരുക്കില്‍നിന്നു മോചിപ്പിക്കുന്നതിനൊപ്പം ടൂറിസം രംഗത്തും ദോഹയുടെ ആകര്‍ഷണകേന്ദ്രം കൂടിയാകുമിത്. വെസ്റ്റ് ബേ, കത്താറ, വിമാനത്താവളം എന്നിവയ്്ക്കു സമീപമാണു പാലങ്ങള്‍ വരുന്നത്.
600 മുതല്‍ 1310 മീറ്റര്‍ വരെ നീളമുള്ളതാണു പാലങ്ങള്‍. ഓരോ പാലവും വ്യത്യസ്തമായാണു ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഷെറാട്ടണിനും ഫോര്‍ സീസണ്‍സ് ഹോട്ടലിനും മധ്യേയാണു വെസ്റ്റ് ബേ പാലം വരുന്നത്. കടലിലേക്കു നീളുന്ന പാലം മറ്റൊരു അദ്ഭുത നിര്‍മിതിയാകും. കമാനം രീതിയിലാണു ഡിസൈന്‍. കമാനത്തിന്റെ മുകളിലൂടെ കേബിള്‍ കാറില്‍ സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുങ്ങും. ഇതിനോടു ചേര്‍ന്ന് ഉയരത്തില്‍ നടപ്പാതയും പരിഗണനയിലുണ്ടായിരുന്നു. ദോഹയുടെ കാഴ്ച ആകാശത്തുനിന്നു കാണാന്‍ കഴിയുംവിധമാണിത്. കടലില്‍ ഒരുക്കുന്ന പാര്‍ക്കിലേക്കാണു പാത നീളുന്നത്. ബോട്ടിന്റെ ആകൃതിയില്‍ ഒരുങ്ങുന്ന കവാടത്തിനുള്ളിലേക്കു കടന്നു വാഹനങ്ങള്‍ക്കു ടണലില്‍ പ്രവേശിക്കാം.
ഇതിനോടു ചേര്‍ന്നു മറീനയും ഒരുക്കും. വാട്ടര്‍ ടണലുകളുമായി യോജിപ്പിച്ചു കൊണ്ടുള്ള പദ്ധതി ഡിസൈന്‍ ചെയ്തത്് അന്താരാഷ്ട്ര പ്രശസ്തനായ സ്പാനീഷ് ആര്‍ക്കിടെക്റ്റ് സാന്‍ഡിയാഗോ കലട്രാവയാണ്. പറക്കും മത്സ്യത്തിന്റെ ചിത്രത്തെ ആധാരമാക്കിയാണ് ശര്‍ഖ് ക്രോസിങ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ഖത്തര്‍ ദേശീയകാഴ്ചപ്പാട് 2030 വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
ശര്‍ഖ് ക്രോസിങ്ങിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്കും യാത്രാക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പുതിയൊരനുഭവമായിരിക്കും.. വിശാലമായ അടിസ്ഥാനസൗകര്യവികസനമാണ് വെസ്റ്റ് ബേയില്‍ ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രതികരണം പക്വമാവണം: കെ.എന്‍.എ ഖാദര്‍

ദേശീയദിനം ഇന്ന്; രാജ്യം ഉത്സവാന്തരീക്ഷത്തില്‍