in

ഗതാഗത സേവനങ്ങള്‍: ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുസര്‍വേക്ക് തുടക്കമായി

ദോഹ: ഗതാഗതസേവനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിനും വിലയിരുത്തുന്നതിനും ആഭ്യന്തരമന്ത്രാലയം സര്‍വേ നടത്തുന്നു. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തും ബാഹ്യ വകുപ്പുകളിലും നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായം അവലോകനം ചെയ്യുന്നതിനായാണ് മന്ത്രാലയം ഫീല്‍ഡ് സര്‍വേക്ക് തുടക്കമിട്ടത്.
ഒരാഴ്ച നീളുന്ന സര്‍വേക്ക് ചുക്കാന്‍പിടിക്കുന്നത് മന്ത്രാലയത്തിലെ ആസൂത്രണ ഗുണനിലവാര വകുപ്പാണ്. മന്ത്രാലയം നടത്തിവന്നിരുന്ന ഫീല്‍ഡ് സര്‍വേകളുടെ തുടര്‍ച്ചയാണിത്. പൗരന്‍മാരുടെയും താമസക്കാരുടെയും അഭിപ്രായങ്ങള്‍ മനസിലാക്കി, പ്രതികരണങ്ങള്‍ക്കനുസൃതമായി വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് പൊതുജനാഭിപ്രായം തേടുന്നത്.
ജനറല്‍ ട്രാഫിക് ഡയറക്ടറേറിന്റെ നടപടിക്രമങ്ങള്‍, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വകുപ്പുകളില്‍ ലഭിക്കുന്ന സ്വീകാര്യത, ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്ന വേഗത, സംശയങ്ങളോടും അന്വേഷണങ്ങളോടും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണം, വൈകല്യമുള്ളവര്‍ക്ക് ഉചിതമായതും സൗകര്യപ്രദവുമായ കാത്തിരിപ്പ് സ്ഥലങ്ങള്‍, കാര്‍ പാര്‍ക്കിങ്, മറ്റു സേവനങ്ങള്‍ എന്നിവക്കെല്ലാം സര്‍വേ ഊന്നല്‍ നല്‍കുന്നുണ്ട്.
ഓരോ വിഷയങ്ങളിലും പൊതുജനാഭിപ്രായം തേടും. സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും നവീകരിക്കുന്നതിനും ഇത്തരം ഫീല്‍ഡ് സര്‍വേകള്‍ സഹായകമാകും. ആസൂത്രണ ഗുണനിലവാര വകുപ്പ് തുടര്‍ച്ചയായി ഫീല്‍ഡ് സര്‍വേകള്‍ നടത്തിവരുന്നുണ്ട്.
പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നത് ഒഴിവാക്കുന്നതിനും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിനും സര്‍വേ സഹായിക്കുന്നുണ്ട്. തീരുമാനമെടുക്കല്‍ പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത തിരിച്ചറിയുന്നതിലും ഈ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിലും സര്‍വേകള്‍ ഫലപ്രദമായ പങ്ക് വഹിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഒരു സുപ്രധാന അളവെടുക്കല്‍ സംവിധാനമെന്ന നിലയില്‍ സര്‍വേകളില്‍ മന്ത്രാലയം വളരെയധികം ശ്രദ്ധ നല്‍കുന്നതായി ആസൂത്രണ ഗുണനിലവാര വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് ഹസന്‍ അല്‍അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് വിമാനത്താവളം വിപുലീകരണപദ്ധതി പ്രഖ്യാപിച്ചു

പ്രാദേശിക കുതിരയോട്ട സീസണിനു ഇന്നു തുടക്കം