
ദോഹ: കാലിക്കറ്റ് ദോഹ സെക്ടറുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനും സുഗമമായ ഗതാഗത സൗകര്യത്തിനുമായി ഗപാഖ് കെ. മുരളീധരന്‍ എം.പിക്ക് നിവേദനം നല്‍കി. കാലിക്കറ്റ് ദോഹ സെക്ടറില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുക, കോഴിക്കോട് എയര്‍പോര്‍ട്ട് യാത്രക്കാരുടെ സൗകര്യത്തിനായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ അപ്‌ഗ്രേഡ് ചെയ്യുക, സീസണ്‍ സമയങ്ങളിലെ അന്യായ വിമാനക്കൂല നിയന്ത്രിക്കുക, എയര്‍പോര്‍ട്ടിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.
ഈ വിഷയങ്ങള്‍ പാര്‍ലമെന്റടക്കം വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും ആവശ്യമായ നടപടികള്‍ക്കായി സത്വരമായി ഇടപെടുമെന്നും എം.പി ഉറപ്പ് നല്‍കി. വിമാന യാത്രക്കാരുടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഗപാക് ആരംഭിച്ച ഗള്‍ഫ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ എന്ന ഫെയ്‌സ് ബുക്ക് പേജ് എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍, ബാധ്യതകള്‍, യാത്രയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍, എയര്‍ പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ അറിയാനും യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാനും ലക്ഷ്യമിട്ടാണ് പേജ് ആരംഭിച്ചത്. നിവേദക സംഘത്തിന് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, മുസ്തഫ എലത്തൂര്‍, സൈദു മുഹമ്മദ് നേതൃത്വം നല്‍കി.