
ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന് രാജ്യത്തെത്തുന്ന എല്ലാ ടീമുകളേയും ആരാധകരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഖത്തര്‍. ഈ മാസം 26 മുതല്‍ ഡിസംബര്‍ എട്ടു വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ സഊദി അറേബ്യയും യു എ ഇയും ബഹറൈനും പങ്കെടുക്കുമെന്ന് ഉറപ്പ് നല്കിയതോടെയാണ് ചിത്രം മാറിയത്.
മേഖലയുടെ മുഴുവന്‍ കുടുംബങ്ങളും കളിക്കാനെത്തുന്നതില്‍ ഖത്തറിന് ഏറെ സന്തോഷമുണ്ടെന്ന് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ റുമൈഹി പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അഞ്ചു ടീമുകളാണ് മത്സരിക്കാനുണ്ടാവുകയെന്ന ഉറപ്പില്‍ നറുക്കെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫെഡറേഷന്റെ ക്ഷണം സ്വീകരിച്ച് മൂന്നു രാജ്യങ്ങള്‍ കൂടി പങ്കെടുക്കാമെന്ന ഉറപ്പു നല്കിയതോടെ കളിയുടെ ഫിക്‌സചറിലും തിയ്യതിയും മാറ്റം വരുത്തുകയായിരുന്നു.
തങ്ങള്‍ ആദരിക്കപ്പെട്ടുവെന്നും എല്ലാ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന വിവരം ഏറെ സന്തുഷ്ടരാക്കിയതായും പറഞ്ഞ അല്‍ റുമൈഹി പങ്കാളിത്ത രാജ്യങ്ങള്‍ക്ക് ഈ മത്സരം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
എല്ലാവരും ഇവിടെയുണ്ടാകണമെന്നും രാഷ്ട്രീയ പ്രശ്‌നങ്ങളെയെല്ലാം പിറകില്‍ ഉപേക്ഷിക്കാമെന്നും പറഞ്ഞ അല്‍ റുമൈഹി അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷനെന്ന ഒരു കുടയ്ക്കു കീഴിലാണ് എല്ലാവരും കളിക്കുന്നതെന്നും വിശദീകരിച്ചു.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കളി ആരാധകരേയും അദ്ദേഹം സ്വാഗതം ചെയ്തു. എല്ലാ സന്ദര്‍ശകര്‍ക്കും ഖത്തര്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും അല്‍ റുമൈഹി പറഞ്ഞു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ഖത്തറില്‍ കളിക്കുന്നതിന്റെ ഉത്കണ്ഠയുണ്ട്. ഏഷ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷനു കീഴിലാണ് എല്ലാവരും കളിക്കുന്നതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അതാണ് എല്ലാവരേയും യോജിപ്പിക്കുന്ന കണ്ണിയെന്നും അദ്ദേഹം വിശദീകരിച്ചു.
കായിക മേഖല വളരെ വ്യത്യസ്തമായതാണ്. ദൈവം ഇച്ഛിച്ചാല്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് തുടരാനാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ച അല്‍ റുമൈഹി തങ്ങള്‍ സഊദിയുടേയും യു എ ഇയുടേയും ബഹറൈന്റേയും അപേക്ഷകളെ ഔദ്യോഗികമായി സ്വീകരിച്ചതായും അറിയിച്ചു.
മൂന്ന് ടീമുകളും ഖത്തറില്‍ കളിക്കാന്‍ തയ്യാറായതിനെ ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗാലറ്റ് സ്വാഗതം ചെയ്തു.
അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സഊദി അറേബ്യയും യു എ ഇയും ബഹറൈനും ഖത്തറില്‍ കളിക്കുമെന്ന നല്ല വാര്‍ത്തയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലേയും ഫുട്‌ബോള്‍ ആരാധകരേയും സൗഹൃദ രാജ്യങ്ങളിലുള്ളവരേയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ് കായിക മേഖലയിലൂടെ സൗഹൃദം പുനഃസ്ഥാപിക്കപ്പെടുന്നത്. സൗഹൃദം സാധ്യമാക്കിയ എല്ലാവരേയും അഭിനന്ദിക്കുന്നതിനോടൊപ്പം മികച്ച ടീം വിജയിക്കുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അറേബ്യന്‍ ഗള്‍ഫ് കപ്പ് 2017 അവസാനം ഖത്തറിലാണ് നടക്കേണ്ടിയിരുന്നത്.
എന്നാല്‍ സഊദി അറേബ്യയും യു എ ഇയും ബഹറൈനും ഖത്തറില്‍ കളിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആതിഥേയത്വം ഖത്തര്‍ കുവൈത്തിന് നല്കുകയായിരുന്നു.
ഫൈനലില്‍ യു എ ഇയെ പരാജയപ്പെടുത്തി ഒമാനാണ് കഴിഞ്ഞ തവണ ചാമ്പ്യനായത്.