
ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ബഹ്റൈന്‍- ഒമാന്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രം മൂന്നു താരങ്ങളാണ് മഞ്ഞക്കാര്‍ഡുകള്‍ കണ്ടത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും മൂന്നു വീതം സബ്സ്റ്റിഷ്യൂന്‍ നടത്തിയെങ്കിലും മത്സരഫലത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായില്ല. ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ യമനെതിരെ യുഎഇക്ക് വിജയം. അല്‍ദുഹൈല്‍ ക്ലബ്ബിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുഎഇ തോല്‍പ്പിച്ചത്. അലി മബ്കൗതിന്റെ ഹാട്രിക്കാണ് യുഎഇയുടെ വിജയം അനായാസമാക്കിയത്. 21, 38, 54 മിനുട്ടുകളിലാണ് അലി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണാത്മക ശൈലിയായിരുന്നു യുഎഇ സ്വീകരിച്ചത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് യുഎഇ. ഖത്തറിനെതിരെ നേടിയ അട്ടിമറി വിജയവുമായി ഇറാഖ് രണ്ടാമത്. ഖത്തര്‍ മൂന്നാമതും യമന്‍ നാലാമതും. ഗള്‍ഫ് കപ്പില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ഖത്തര്‍ യമനെയും ഇറാഖ് യുഎഇയെയും നേരിടും.