
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കുവൈത്ത് അമീര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ഖത്തര്‍. അതേസമയം സഊദിയുമായുള്ള ചര്‍ച്ചകള്‍ നിര്ത്തിവെക്കപ്പെട്ടതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി സ്ഥിരീകരിച്ചു.
കഴിഞ്ഞ നവംബറില്‍ സഊദിയുമായി ചര്‍ച്ച തുടങ്ങിയപ്പോള്‍ ധാരണയിലെത്താനാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ രണ്ട് മാസത്തിന് ശേഷം സഊദി ചര്‍ച്ച നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ബ്രസല്‍സില്‍ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഏതൊരു മധ്യസ്ഥശ്രമങ്ങളെയും ഖത്തര്‍ ഇപ്പോഴും സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഊദി അറേബ്യയോ ഉപരോധിക്കുന്ന ഏതെങ്കിലും രാജ്യങ്ങളോ ചര്‍ച്ചയുടെ മേശയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിയില്‍ പരാജയം മേഖലക്കാകെയാണെന്നും വിജയികളില്ലെന്നും ഖത്തര്‍ മനസിലാക്കുന്നു. ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ എല്ലാവരും വിജയികളാകും. സഊദികളും ഇമറാത്തികളും ബോധത്തിലേക്ക് തിരിച്ചെത്തി ഖത്തറിനെതിരായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് ഗള്‍ഫില്‍ സംഭവിക്കേണ്ട പ്രധാനകാര്യം. അത് സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാനുമായി ഖത്തറിന് നല്ല ബന്ധമുണ്ട്. മേഖല സുസ്ഥിരമായി കാണാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കാണാന്‍ ആഗ്രഹിക്കുന്നില്ല. അമേരിക്ക ഖത്തറിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയണ്. അവരുടെ ഏറ്റവും വലിയ സൈനികതാവളത്തിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നു. ഇറാനുമായി ഖത്തറിന് അയല്രാജ്യബന്ധമുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
യുഎസ്- ഇറാന് പ്രതിസന്ധി രൂക്ഷമായപ്പോള്‍ സംയമനത്തിനും ചര്‍ച്ചകളിലേര്‍പ്പെട്ട് നയതന്ത്രപരമായി പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ അഭ്യര്‍ഥിച്ചു. പരിഹാരം പ്രതീക്ഷിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ലക്ഷ്യം വെച്ച് ഖത്തര്‍ നിയമനിര്‍മാണം നടത്തുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിദേശകാര്യമന്ത്രി മറുപടി നല്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ സംരക്ഷകരാണ് ഖത്തര്‍, മാത്രമല്ല രാജ്യത്തിന് പുറത്ത് ഞങ്ങള്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഈ നിയമം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യമല്ല നിയമം ലക്ഷ്യമിടുന്നത് മറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളെയാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ എല്ലായിടത്തും സംഭവിക്കുന്നു. അത് ഖത്തറില്‍ മാത്രമുള്ളതല്ല- വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഈ നിയമം വിമര്‍ശനത്തെ ലക്ഷ്യം വയ്ക്കുന്നില്ല എന്നതിന്റെ തെളിവായി ഈ നിയമം ഖത്തറില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ നിയമപ്രകാരം ആരെയും വിചാരണയിലേക്കോ ജുഡീഷ്യല്‍ ഉത്തരവാദിത്തത്തിലേക്കോ കൊണ്ടുവന്നിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളില്‍ നിന്നും പ്രചാരണ പ്രചാരണങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.