
സംഘടിപ്പിച്ച ചടങ്ങില്‍ കരിവെള്ളൂര്‍ മുരളി സംസാരിക്കുന്നു
ദോഹ: മാഹാത്മാഗാന്ധിയെപ്പോലും വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കാത്ത ജാതിഭൂതം ബാധിച്ച നാടായിരുന്നു കേരളമെന്നും അത്തരം സാഹചര്യം മാറിവന്നത് പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയാണെന്നും പ്രമുഖ നാടക സംവിധായകനും കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളി. സംസ്കൃതി ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘കേരളം നിര്‍മ്മിച്ച രാഷ്ട്രീയവും സംസ്കാരവും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924ല്‍ വൈക്കം സത്യാഗ്രഹ കാലത്ത് സമരം ആളിക്കത്തിയപ്പോള്‍ പ്രശ്ന പരിഹാരവുമായി തന്നെ കാണാനെത്തിയ ഗാന്ധിജിയെ പുറത്തൊരു പന്തലിട്ട് ഉമ്മറത്തിണ്ണയൊരുക്കി ഇരുത്തുകയാണുണ്ടായത്. ഇണ്ടന്തുരുത്തി നമ്പ്യാതിരി എന്ന നാടുവാഴിയാവട്ടെ തന്റെ മനയുടെ ഉള്ളില്‍ ജാലകത്തിനപ്പുറത്തിരുന്നാണ് 3 മണിക്കൂറോളം സംസാരിച്ചത്. ഗാന്ധിജി ബനിയ സമുദായത്തില്‍ പെട്ടയാളാണ് എന്ന കാരണത്താലായിരുന്നു അയിത്തം തീണ്ടിയതായി കണക്കാക്കി നാലുകെട്ടില്‍ പ്രവേശിപ്പിക്കാതിരുന്നത്.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സില്‍ ഇരിപ്പിടമുണ്ടായിരുന്ന ഗാന്ധിജിയോടാണ് അത്തരത്തില്‍ പെരുമാറിയത്. ഇപ്പോള്‍ ഇണ്ടംതുരുത്തി മന വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ കാര്യാലയമാണ്. മനുഷ്യരില്‍ ചിലരേ ജാതി തിരിച്ചും സ്ത്രീകളെ മുഖ്യമായും എത്ര ഹീനമായാണ് നമ്മുടെ കേരളീയ സമൂഹം കൈകാര്യം ചെയ്തിരുന്നത് എന്ന് നാം നിരന്തരം ഓര്‍ക്കേണ്ടതുണ്ട്.
1800കളുടെ തുടക്കത്തില്‍ തലക്കരവും മുലക്കരവും നിലവിലുണ്ടായിരുന്നു കേരളത്തില്‍. 14 വയസ്സു പൂര്‍ത്തിയായ പയ്യന് തലക്കരവും പ്രായപൂര്‍ത്തിയിലേക്ക് കടക്കുന്ന പെണ്‍കുട്ടിയുടെ മാറ് വളര്‍ന്നു തുടങ്ങിയാല്‍ മുലക്കരവും നല്‍കണമെന്ന വ്യവസ്ഥയായിരുന്നു അത്. 1803ല്‍ ചേര്‍ത്തലയിലെ ചിരുകണ്ടന്റെ ഭാര്യ നങ്ങേലി കരം പിരിക്കാന്‍ വന്നവര്‍ക്ക് മുമ്പില്‍ മാറു മുറിച്ച് പ്രതിഷേധിച്ചത് ഇന്നും തിളങ്ങുന്ന ചരിത്രമാണ്. 1810ല്‍ മാത്രമാണ് മുലക്കരം നിര്‍ത്തലാക്കിയത്.
മാറു മറക്കാനുള്ള അവകാശത്തിന് വേണ്ടി 37 വര്‍ഷങ്ങളോളമാണ് സമരം വേണ്ടി വന്നത്. ഇന്ത്യയില്‍ ആദ്യമായി ബിരുദം നേടിയ പുലയപ്പെണ്‍കുട്ടി ദാക്ഷായണി വേലായുധന് അധ്യാപക പരിശീലനം കഴിഞ്ഞ് തൃശൂരിനടുത്ത് ജോലിക്ക് പോയിരുന്ന കാലത്ത് അവരെ നിരന്തരം ആക്രമിക്കാന്‍ ആളെ ഏര്‍പ്പാടാക്കിരുന്നു മുന്‍നിര ജാതിക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍.
വയല്‍വരമ്പിലൂടെ സ്കൂളിലേക്ക് നടക്കുമ്പോള്‍ കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിക്കുകയും നെറ്റിപൊട്ടി ചോരയൊലിക്കുകയും ചെയ്ത അനുഭവം പല തവണയുണ്ടായിട്ടും ധീരമായി നിന്ന് അധ്യാപനം നടത്തി അവര്‍. പിന്നീട് ഭരണഘടനാ നിര്‍മ്മാണ സഭയിലെ 15 പേരില്‍ ഒരാളായി ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതില്‍ ദാക്ഷായണി വേലായുധന് എന്ന മലയാളി വനിതയുമുണ്ടായിരുന്നു. ഇത്തരക്കാരുടെ ചെറുത്തുനില്‍പ്പാണ് സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗത്തിനും അന്തസ്സു നേടിക്കൊടുത്തത്.
മനുസ്മൃതിയും ശങ്കരസ്മൃതിയും അനുസരിച്ച് ജീവിക്കാന്‍ നിര്‍ദേശിച്ചിരുന്ന ഇരുണ്ടകാലത്തെയാണ് നാം മറികടന്നത്. ഏറെ പുരോഗമിച്ചിട്ടും ജീവിത പങ്കാളിയെ ഭാര്യ എന്ന് വിളിക്കുന്നതുള്‍പ്പെടെ പലതും മാറ്റം വരാത്തതായി നമ്മുടെ സമൂഹത്തിലുണ്ടെന്നും മുരളി വിശദീകരിച്ചു. സംസ്കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപത്തിയഞ്ചാം അധ്യായമായ ചടങ്ങില്‍ പ്രസിഡന്റ് എ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും ഷംസീര്‍ അരിക്കുളം നന്ദിയും പറഞ്ഞു.