in ,

ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ ക്യുവിസിയില്‍

ക്യുവിസി മുഖേന ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കും

വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്നദി സെമിനാറില്‍ സംസാരിക്കുന്നു

ദോഹ: ഖത്തറിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെയും സര്‍ക്കാര്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെയും വിസ നടപടികളും ഖത്തര്‍ വിസ കേന്ദ്രങ്ങള്‍(ക്യുവിസി) മുഖേന പൂര്‍ത്തിയാക്കാന്‍ ഉടന്‍ സൗകര്യമൊരുക്കും.

ഖത്തറിനു പുറത്തള്ള വിസ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ക്യുവിസി മുഖേന ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കും. ഓഗസ്റ്റ് മധ്യത്തോടെ പുതിയ സേവനം ലഭ്യമാക്കും. ഇതിന്റെ മുന്നോടിയായി മാന്‍പവര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു.

ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു സെമിനാര്‍. ഖത്തര്‍ വിസ സെന്ററുകളിലൂടെ ഗാര്‍ഹിക തൊഴിലാളികളെ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സെമിനാര്‍.

വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്നദി, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിലെ തൊഴില്‍ വിദഗ്ദ്ധന്‍ മുഹമ്മദ് അലി അല്‍മീര്‍ എന്നിവര്‍ സംസാരിച്ചു. മാന്‍പവര്‍ കമ്പനികളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

ക്യുവിസി മുഖേന ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാന്‍പവര്‍ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ ഖത്തരി പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ സേവനം. ഈദുല്‍ അദ്ഹ അവധിദിനങ്ങള്‍ക്കുശേഷം ഓഗസ്റ്റ് മധ്യത്തോടെ പുതിയ സേവനം നടപ്പാക്കിത്തുടങ്ങും.

മെട്രാഷ് രണ്ട് മുഖേനയോ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് മുഖേനയോ അതല്ലെങ്കില്‍ ആഭ്യന്തരമന്ത്രാലയം സേവന കേന്ദ്രങ്ങള്‍ മുഖേന നേരിട്ടോ ലിസ്റ്റ് ചെയ്തിട്ടുള്ളവയില്‍ ഏതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയോ ഓഫീസുകളെയോ റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്താം.

ലളിതവും വേഗത്തിലുള്ളതുമായ നടപടികളിലൂടെ ഇതു സാധ്യമാകും. ഈ അംഗീകാരത്തിനുശേഷം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് ക്യുവിസി മുഖേന റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളും വിവിധ നടപടികളും പൂര്‍ത്തീകരിക്കാനാകും.

ബയോമെട്രിക് ഡേറ്റ ഉള്‍പ്പെടുത്തല്‍, കരാര്‍ ഒപ്പുവയ്ക്കല്‍, മെഡിക്കല്‍ പരിശോധന എന്നിവയെല്ലാം ക്യുവിസികളിലൂടെ പൂര്‍ത്തീകരിക്കാനാകും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിലെ അലി അല്‍മിര്‍ പറഞ്ഞു.

മികച്ച റിക്രൂട്ട്‌മെന്റ് സംവിധാനം ഉറപ്പാക്കുന്നതിന് നിര്‍ദ്ദിഷ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും ഏജന്‍സികളെ വിലയിരുത്തുക. നിലവില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിസ സംബന്ധമായ നടപടികളാണ് ക്യുവിസി മുഖേന പൂര്‍ത്തിയാക്കുന്നത്.

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യുവിസിയുടെ ലക്ഷ്യം. പുതിയ സേവനം നടപ്പാകുന്നതോടെ ഗാര്‍ഹിക തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവയും മാതൃരാജ്യങ്ങളില്‍വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും.

വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഖത്തര്‍ വിസ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

ഫിലിപ്പൈന്‍സ്, ടുണീഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വിസ സെന്ററുകള്‍ ഉടന്‍ തുറക്കും. കെനിയയിലും എത്യോപ്യലും കൂടി വിസ കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജാമിഅ ഹാഷിമിയ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍

ബഹ്‌റൈനി പെണ്‍കുട്ടിക്ക് എച്ച്എംസിയില്‍ സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയ