in ,

ഗീതാജ്ഞലി റാവുവിന്റെ ബോംബെ റോസ് വെനീസില്‍: ഡിഎഫ്‌ഐക്കും അഭിമാന നിമിഷം

ആര്‍.റിന്‍സ്

ദോഹ

ഗീതാഞ്ജലി റാവു

വിഖ്യാത ഇന്ത്യന്‍ സംവിധായിക ഗീതാഞ്ജലി റാവുവിന്റെ ബോംബെ റോസ് എന്ന ആനിമേഷന്‍ ചിത്രം വെനീസ് രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും(ഡിഎഫ്‌ഐ) അഭിമാനമുഹൂര്‍ത്തം.

ആഗോളപ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിലുള്‍പ്പടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ അനിമേഷന്‍ചിത്രരംഗത്തെ ശ്രദ്ധേയസാന്നിധ്യമായ ഗീതാഞ്ജലിയുടെ ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഡിഎഫ്‌ഐയും സഹകരിച്ചിട്ടുണ്ട്. ഖത്തറിലെ ഔദ്യോഗിക ചലച്ചിത്ര പ്രസ്ഥാനമായ ഡിഎഫ്‌ഐയുടെ ഗ്രാന്റ് പദ്ധതിക്ക് അര്‍ഹമായ സിനിമകളില്‍ ബോംബെ റോസും ഉള്‍പ്പെട്ടിരുന്നു.

ഇതുള്‍പ്പടെ ഡിഎഫ്‌ഐ ഗ്രാന്റ് പ്രോഗ്രാമിന്റെ പിന്തുണയോടെ നിര്‍മിച്ച ഏഴു ചിത്രങ്ങളാണ് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നാളെ തുടങ്ങുന്ന ഫെസ്റ്റിവല്‍ സെപ്തംബര്‍ ഏഴുവരെ തുടരും.

ബോംബെ റോസ് ആനിമേഷന്‍ സിനിമയില്‍ നിന്നുള്ള ദൃശ്യം


ഗീതാഞ്ജലി റാവുവിന്റെ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള എ ട്രൂ ലൗവ് സ്റ്റോറി എന്ന ആനിമേഷന്‍ സിനിമ 2014ല്‍ ഡിഎഫ്‌ഐയുടെ അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പേരിന് ഒരു സംഭാഷണം പോലുമില്ലാത്ത ഈ സിനിമ അജ്‌യാലില്‍ നിരൂപക പ്രശംസ നേടിയെടുത്തതിനൊപ്പം കാണികളുടെ കയ്യടിയും സ്വന്തമാക്കി.

മുംബൈ നഗരജീവിതത്തെ രേഖപ്പെടുത്തിയ ഈ ചിത്രം, നഗരത്തില്‍ പൂവില്‍ക്കുന്ന സലീം എന്ന സിനിമാപ്രേമിയായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയത്തെ അതി മനോഹരമായി ആവിഷ്‌കരിച്ച ചിത്രമാണ്.

മുംബൈ നഗരജീവിതത്തിന്റെ തുടിപ്പുകള്‍ ഭംഗിയായി രേഖപ്പെടുത്തിയ ഈ ചിത്രത്തെ വിശാലമായ കാന്‍വാസിലേക്കു പകര്‍ത്തുകയാണ് ബോംബെ റോസ് എന്ന ആനിമേഷന്‍ ഫീച്ചര്‍ സിനിമയിലൂടെ. ബാളിവുഡ് സിനിമകള്‍ യഥാര്‍ഥ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചാണ് ട്രൂ ലൗസ്റ്റോറി സംവദിച്ചത്.

ഒരു അനാഥ ബാലനിലൂടെ ഭക്തിസമാനമായി ഒരു സമൂഹം കൊണ്ടുനടക്കുന്ന ബോളിവുഡിന്റെ നിഗൂഡത ഇല്ലാതാക്കുകയാണ് സംവിധായിക. ബോളിവുഡ് ഫാന്റസിയാണ് സിനിമയുടെ പ്രമേയം. ബോളിവുഡ് മുംബൈ നിവാസികളെ ഉപയോഗിക്കുക മാത്രമല്ല ശ്വാസം മുട്ടിക്കുകയും ചെയ്യുന്നുവെന്ന സംവിധായികയുടെ കാഴ്ചപ്പാടുമായി സിനിമ യോജിച്ചുപോകുന്നു.

ഈ വര്‍ഷത്തെ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആനിമേഷനുള്ള സുവര്‍ണശംഖ് സ്വന്തമാക്കിയ ചിത്രം പിന്നീട് കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലും മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കാന്‍ മേളയിലെ ക്രിട്ടിക്‌സ് വീക്കിലും സിനിമ പ്രദര്‍ശിപ്പിച്ചു.

ഈ ആനിമേഷന്‍ ചിത്രം ഫീച്വര്‍ ഫിലിം ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഗീതാഞ്ജലി റാവുവിന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു. ഇന്ത്യ, ഫ്രാന്‍സ്, യുകെ, ഖത്തര്‍ സംരംഭമായ ബോംബെ റോസ്, ഫെസ്റ്റിവലിന്റെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിലെ ഉദ്ഘാടന സിനിമയാണ്. ബോംബെ നഗരത്തിന്റെ തെരുവുകളെ കേന്ദ്രീകരിച്ച് ഒരു പ്രണയകഥ ആനിമേഷനിലൂടെയാണ്.

ഖുംറ 2019 പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ ആനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാണത്തിന് ഡിഎഫ്‌ഐ ഗ്രാന്റ് അനുവദിച്ചത്. യൗവനത്തിലെ പ്രണയം, പഴയകാല പ്രണയം, സ്‌നേഹത്തിലെ ബോളിവുഡ് ശൈലി എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. 2006ല്‍ പുറത്തിറങ്ങിയ ഓറഞ്ച് ആയിരുന്നു ഗീതാഞ്ജലി റാവുവിന്റെ ആദ്യചിത്രം.

2008ല്‍ പുറത്തിറങ്ങിയ ‘പ്രിന്റഡ് റെയിന്‍ബോ’ എന്ന ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. അക്കാഡമി അവാര്‍ഡിന് പരിഗണിക്കപ്പെട്ട പത്തു സിനിമകളിലും ഇതുള്‍പ്പെട്ടിരുന്നു. ഗിര്‍ഗിത്(ഓന്ത്), കലിഡോസ്‌കോപ്പ്, ചായ് എന്നിവയാണ് അവരുടെ മറ്റു പ്രധാനസിനിമകള്‍.

സമകാലിക ഇന്ത്യന്‍ ആനിമേഷന്‍ രംഗത്ത് പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ സിനിമകളാണ് ഗീതാഞ്ജലിയുടേതെന്നാണ് പൊതുവിലയിരുത്തല്‍. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളാണ് അവര്‍ ആനിമേഷനിലൂടെ അവതരിപ്പിക്കുന്നത്.

മുംബൈയിലെ ജെ.ജെ.സ്‌കൂള്‍ ഓഫ് അപ്ലൈഡ് ആര്‍ട്‌സില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദമെടുത്ത ഗീതാഞ്ജലി ആനിമേഷന്‍ സ്വയം പഠിച്ചാണ് സിനിമകള്‍ സംവിധാനം ചെയ്തത്. അവയുടെ തിരക്കഥയും എഡിറ്റിങും നിര്‍മാണവുമെല്ലാം അവര്‍ തന്നെയായിരുന്നു നിര്‍വഹിച്ചത്.

അവരുടെ ആനിമേഷന്‍ പരസ്യചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ചും ഹച്ചിന്റേതുള്‍പ്പടെ. 2011ല്‍ കാനിലെ ക്രിട്ടിക്‌സ് വീക്കില്‍ ജൂറി അംഗമെന്നനിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഷൂജിത് സിര്‍ക്കാറിന്റെ ഒക്ടോബര്‍ സിനിമയിലുള്‍പ്പടെ ഗീതാഞ്ജലി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഫൗേേണ്ടഷന്‍ പിയുഇ വാര്‍ഷിക ഫോറം സംഘടിപ്പിച്ചു

സമ്മര്‍ ഇന്‍ ഖത്തര്‍ പരിപാടികള്‍ ശ്രദ്ധേയമായി; വിനോദനഗരം ഇന്നു കൂടി