
ദോഹ: ഖത്തറിലെ ഫുട്ബോള്‍ കാഴ്ചകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി ഫോട്ടോഗ്രാഫര്‍മാര്‍. 40 രാജ്യങ്ങളില്‍ സജീവമായ ഗോള്‍ ക്ലിക്കുമായി സഹകരിച്ച് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഫുട്ബോളിനെക്കുറിച്ചുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഫോക്കസ് ഓണ്‍ ഗോള്‍ ക്ലിക്ക് ഖത്തര്‍ എന്ന തലക്കെട്ടിലായിരുന്നു പദ്ധതി. ഈ വര്‍ഷം ആദ്യത്തില്‍ സുപ്രീംകമ്മിറ്റി ഖത്തറിലുടനീളം അന്‍പതിലധികം പേര്‍ക്ക് ഡിസ്പോസബിള്‍ ക്യാമറകള്‍ കൈമാറിയിരുന്നു.
ഫുട്ബോളില്‍ നിങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നത് പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയെന്നതായിരുന്നു പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് നല്കിയ നിര്‍ദേശം. ലോകമെമ്പാടും ജനങ്ങളെ ഫുട്ബോളിലൂടെ പരസ്പരം മനസിലാക്കാന്‍ സഹായിക്കുകയാണ് ഗോള്ക്ലിക്കിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ വൈവിധ്യത്തിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം ഖത്തറിന്റെ ഫുട്ബോള്‍ സംസ്കാരവും മനോഹരമായ ഗെയിമിനോടുള്ള ആഴത്തിലുള്ള അഭിനിവേശവും പ്രതിഫലിപ്പിക്കുകയെന്നതായിരുന്നു സുപ്രീംകമ്മിറ്റി ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടത്. അടുത്ത ഫിഫ ലോകകപ്പ് ആതിഥേയരാജ്യത്തെക്കുറിച്ച് കൂടുതലറിയാന്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് അവസരം നല്‍കാനും ആഗ്രഹിച്ചു.
ഖത്തറില്‍ പതിമൂന്ന് വര്‍ഷമായി താമസിക്കുന്ന പ്രാദേശിക ഫോട്ടോഗ്രാഫര്‍ ഹന്സണ് ജോസഫും പദ്ധതിയില്‍ പങ്കാളിയായി. അദ്ദേഹം ഗോള്ക്ലിക്ക് പദ്ധതിയുടെ ഭാഗമായി പകര്‍ത്തിയ മൂന്നു ചിത്രങ്ങള്‍ അടുത്തിടെ സാവോപോളോയില്‍ ഖത്തര്‍ സംഘടിപ്പിച്ച റോഡ് ടു 2022 പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബര്‍വ സിറ്റി, അല്‍സദ്ദ് സ്പോര്‍ട്സ് ക്ലബ്ബ് എന്നിവിടങ്ങളില്‍ കുട്ടികള്‍ ഫുട്ബോള്‍ പരിശീലനത്തിലേര്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഹന്സണ് ജോസഫ് പകര്‍ത്തിയത്.
ആധുനികലോകത്ത് ഫുട്ബോള്‍ എത്രത്തോളം പ്രധാനമാണെന്ന് എല്ലാവരെയും കാണിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് യോഗ്യതാംഗീകാരമുള്ള ഫുട്ബോള്‍ പരിശീലകന് കൂടിയായ ഹന്സണ് പറഞ്ഞു. അര്‍ഥവത്തായ ചിത്രങ്ങള്‍ പകര്‍ത്താന്‍ പരമാവധി ശ്രമിച്ചു.
അതില്‍നിന്നും മൂന്നെണ്ണം ബ്രസീലിലെ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്. പകര്‍ത്തിയതില്‍ പ്രിയപ്പെട്ടത് കുട്ടികള്‍ അവരുടെ പന്ത് തിരികെ നേടാന്‍ ശ്രമിക്കുന്ന ഫോട്ടോയായിരുന്നു. മരത്തില്‍ കുടുങ്ങിയ ഫുട്ബോള്‍ കുലുക്കിവീഴ്ത്താന് ശ്രമിക്കുന്ന കുട്ടികളുടെ ഫോട്ടോയാണ് പ്രിയപ്പെട്ടത്.
കുട്ടിക്കാലത്ത് മിക്കവാറും എല്ലാദിവസവും സംഭവിക്കുന്ന ഒന്നായതിനാല്‍ ഏറെ ഇഷ്ടമുണ്ടെന്നും ഹന്സണ് പറഞ്ഞു. കുട്ടികള്‍ ഫുട്ബോള്‍ പരിശീലനത്തിലേര്‍പ്പെടുന്നതിന്റെ വ്യത്യസ്തമായ ചിത്രങ്ങളും ഹന്സണ് പകര്‍ത്തി.