in , , ,

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍

ദോഹ: ഖത്തര്‍ രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമേകുന്നു. നാലു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജനുവരി 16ന് തുടക്കമാകും. ആതിഥേയരായ ഖത്തറിനു പുറമെ ചൈന, കുവൈത്ത്്, ഒമാന്‍ ടീമുകളാണ് മത്സരിക്കുക.
ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ്(ക്യുസിഎ) ചാമ്പ്യന്‍ഷിപ്പിനു ചുക്കാന്‍ പിടിക്കുന്നത്. അടുത്തിടെ പ്രഥമ ഖത്തര്‍ ടി10 രാജ്യാന്തര ലീഗ് സംഘടിപ്പിച്ചിരുന്നു. രാജ്യാന്തര താരങ്ങള്‍ മത്സരിച്ച ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനു തൊട്ടുപിന്നാലെയാണ് വനിതാ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ്. 12,500സീറ്റിങ് കപ്പാസിറ്റിയുള്ള ഏഷ്യന്‍ടൗണിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ജനുവരി 22വരെയാണ് മത്സരങ്ങള്‍.
റൗണ്ട് റോബിന്‍,നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍. മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരവും തുടര്‍ന്ന് ഫൈനലും നടക്കും. വനിതാക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജഹാം അല്‍കുവാരി പറഞ്ഞു. അഗീകാരവും പിന്തുണയും നല്‍കിയതില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
ഖത്തരി വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് മറ്റ് രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ അവസരം നല്‍കുക, രാജ്യത്തും മേഖലയിലും ക്രിക്കറ്റിനെ വികസിപ്പിക്കാന്‍ ക്യുസിഎയെ സഹായിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചാമ്പ്യന്‍ഷിപ്പിനെ പിന്തുണയ്ക്കാനും പങ്കെടുക്കുന്ന എല്ലാ ടീമുകളെയും പ്രോത്സാഹിപ്പിക്കാനും കാണികളെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പുതിയ സീസണ്‍ തിരക്കേറിയതാണെന്ന് ക്യുസിഎ ഓപ്പറേഷന്‍സ് മാനേജര്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. ടി10 ലീഗ് വലിയ വിജയമായിരുന്നു. ചതുര്‍രാഷ്ട്ര ട്വന്റി20 മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍.
ടീമുകളെ സ്വീകരിക്കുന്നതു മുതല്‍ ഗതാഗതം, താമസം, സ്‌റ്റേഡിയം തുടങ്ങി എല്ലാ ക്രമീകരണങ്ങളും മികച്ചതാക്കുന്നതിനുള്ള വിലയിരുത്തലുകള്‍ നടത്തിവരുന്നു. ആതിഥ്യമര്യാദയ്ക്കും മികച്ച സംഘാടനത്തിനും തയാറെടുപ്പുകള്‍ക്കും ഖത്തര്‍ പ്രശസ്തമാണ്. അതേ നിരയില്‍ തന്നെ ഈ ചാമ്പ്യന്‍ഷിപ്പിനും ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വുഖൂദ് മൂന്നു പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി തുറന്നു

വനിതാ ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ ഖത്തര്‍