
ദോഹ: റമദാന്, ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കുന്നതിനായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ദേശീയ കമ്മിറ്റി. ഇസ്ലാമിക നിയമപ്രകാരം ചന്ദ്രപ്പിറ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക കമ്മിറ്റിയുടെ രൂപീകരണം. ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രി ഡോ. ഗെയ്ത്ത് ബിന്‍ മുബാറക്ക് അല്‍കുവാരി പങ്കെടുത്തു.
തുടര്‍പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘമായ യാത്രയിലൂടെയാണ് യോഗ്യരായവരെ ഉള്‍പ്പെടുത്തി ഖത്തരി ടീമിനെ വികസിപ്പിച്ചെടുക്കുന്നത്. ഇതിനായി പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഖത്തറില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഇമാമുമാരും സ്പെഷ്യലിസ്റ്റുകളും ഇതില്‍ പങ്കെടുത്തു. മൂന്നു ഘട്ടങ്ങളിലൂടെയായിട്ടായിരുന്നു പരിശീലന കോഴ്സ്. സൈദ്ധാന്തിക അറിവും ഫീല്‍ഡ് പരിശീലനവും ഉള്‍പ്പടെ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. മാസപ്പിറ നിരീക്ഷിക്കുന്നതിനായി ദേശീയ കമ്മിറ്റിക്ക് മന്ത്രാലയം അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും ലഭ്യമാക്കും.
ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖമായ സ്ഥാപനങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെയും വിദഗ്ദ്ധരുടെയും സഹകരണത്തോടെ കൂടുതല്‍ പരിശീലന കോഴ്സുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ് ലാമിക നിയമപ്രകാരം പുതിയ ദേശീയ ടീം രൂപീകരിക്കാനാകുന്നതിലെ സന്തോഷം മന്ത്രി ഡോ. ഗെയ്ത്ത് ബിന്‍ മുബാറക്ക് അല്‍കുവാരി പങ്കുവച്ചു. ടീമിന് പരിശീലനം ലഭ്യമാക്കുന്നതില്‍ ശൈഖുമാരുടെയും വിദഗ്ദ്ധരുടെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.