
ചന്ദ്രികോത്സവത്തില്‍ നൃത്തമവതരിപ്പിച്ച വിദ്യാര്‍ത്ഥിനികളെ ചന്ദ്രിക ഖത്തര്‍ ഓഫീസില്‍ ആദരിച്ചപ്പോള്‍.
ദോഹ: ഫാസ്ട്രാക് ചന്ദ്രികോത്സവത്തിന് മിഴിവേകി ലൈവ് സംഗീതത്തിനൊപ്പം നൃത്തച്ചുവടുകളിലൂടെ കലാസ്വാദകരെ ത്രസിപ്പിച്ച കലാകാരികളെ ആദരിച്ചു. അല്‍ഗാനിമിലെ ചന്ദ്രിക ഖത്തര്‍ ഓഫീസില്‍ നടന്ന ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
കലാസിദ്ധികളും സര്‍ഗാത്മകമായ കഴിവുകളും നന്മയേയും മനുഷ്യസ്‌നേഹത്തേയും വ്യാപിപ്പിക്കാനുള്ളതാണെന്നും കലാപ്രകടനങ്ങള്‍ നല്‍കുന്ന ആഹ്ലാദത്തിന് മാനവികമായ ഉത്‌ഘോഷത്തിന്റെ തലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രികോത്സവം മനോഹരമാക്കുന്നതില്‍ വിദ്യാര്‍ത്ഥിനികളുടെ നൃത്തച്ചുവടുകള്‍ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ്ജ് ഡോ. അബ്്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി, ബ്രദേഴ്‌സ് ട്രേഡിംഗ് പ്രതിനിധി മുഹമ്മദ് ഷാനിബ് കെ ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയും കലാകാരിയുമായ ഹസീന ഇസ്മാഈല്‍, വിദ്യാര്‍ത്ഥിനികളായ ഫൈറൂസ് ജഹാന്‍, ഫര്‍സീന്‍ ജഹാന്‍, ഹവാസിന്‍ ഷമീം, റിദ മുനീര്‍, ഷഫ്‌ന ഹംസ, ഷബീബ അഹമദ്, അഷ്ടമി ജയപ്രകാശ്, റിഫ ഫാത്തിമ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
ഇവര്‍ക്കു പുറമെ നൃത്തപ്രകടനങ്ങളില്‍ പങ്കാളികളായ ലിയാന ഷാഹുല്‍ ഹമീദ്, ആഫിയാ ഹാറൂണ്‍, അഹ്്‌ന ഹാറൂണ്‍, നവമി വി ബി, സാനിയ ബീബ്, പാര്‍വ്വതി സമ്പത്ത്, ശരണ്യ ദിനേഷ്, അനീസ അന്‍വര്‍, സന്‍വ അന്‍വര്‍, റീം മുഹമ്മദ് സാദിഖ് എന്നിവര്‍ക്കു വേണ്ടി പ്രതിനിധികള്‍ക്ക് സമ്മാനം കൈമാറി.
ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി സ്വാഗതവും മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി എ ടി ഫൈസല്‍ നന്ദിയും പറഞ്ഞു. ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന്‍ ലോഞ്ചിംഗിന്റെ ഭാഗമായി ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചന്ദ്രികോത്സവത്തില്‍ 18 വിദ്യാര്‍ത്ഥിനികളാണ് വിവിധ നൃത്ത ഇനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായത്. അധ്യാപിക ഹസീന ഇസ്മാഈലിന്റെ കീഴിലായിരുന്നു പരിശീലനം.