in

ചന്ദ്രിക ഖത്തര്‍ എട്ടാം വാര്‍ഷികപ്പതിപ്പ് വായനക്കാര്‍ക്ക് സമര്‍പ്പിച്ചു

ദോഹ: ഖത്തറിലേയും ഇന്ത്യയിലേയും കലാ സാഹിത്യ സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രന്‍ ചന്ദ്രിക ഖത്തര്‍ എട്ടാം വാര്‍ഷികപ്പതിപ്പ് വായനക്കാര്‍ക്ക് സമര്‍പ്പിച്ചു.
പ്രമുഖ കലാ കായിക സംഘാടകനും സന്നദ്ധപ്രവര്‍ത്തകനുമായ കെ മുഹമ്മദ് ഈസ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഖത്തറിലെ ജനസമൂഹങ്ങള്‍ക്കിടയില്‍ നന്മ വിതറാന്‍ ചന്ദ്രികക്ക് കഴിയുന്നുണ്ടെന്ന് പ്രകാശനം നിര്‍വ്വഹിച്ച എം ജയചന്ദ്രന്‍ പറഞ്ഞു. ”മനുഷ്യര്‍ക്ക് നന്മയുടെ നിലാവ് തരുന്നതാവണട്ടെ ചന്ദ്രിക വാര്‍ഷികപ്പതിപ്പ് എന്നാണ് എന്റെ ആശംസ. ചന്ദ്ര നിലാവാണ് ഞാന്‍ ഭൂമിയില്‍ കണ്ടതില്‍ ഏറ്റവും സൗന്ദര്യമുള്ളത്. പി ഭാസ്‌കരന്‍ മാഷിന്റെ വരികളാണ് ഓര്‍മവരുന്നത്. ‘താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ’യെന്നാണ് ആ വരികള്‍.” ജയചന്ദ്രന്‍ വിശദീകരിച്ചു.


ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്നും ഒരേ മനസ്സോടെ മുന്നോട്ടുപോയിരുന്ന വിവിധ മതക്കാരെ ഭിന്നിപ്പിക്കാനുള്ള കുത്സിത ശ്രമം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ധര്‍മ്മം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരമ്മപെറ്റ മക്കളെപ്പോലെ ജീവിച്ചവരും ജീവിക്കുന്നവരുമാണ് ഇന്ത്യക്കാര്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറം അവര്‍ തമ്മിലുള്ള ഐക്യമാണ് ഇന്ത്യയെ മഹത്തരമാക്കുന്നത്. ചിലരെ അപരന്മാരാക്കി പരസ്പരം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇതിന് ഭരണാധികാരികളില്‍ നിന്ന് തന്നെ ശ്രമമുണ്ടാകുന്നത് നാം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.
പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനും ഖത്തറിലെ ഹമദ് അന്തര്‍ദേശീയ പരിഭാഷാ പുരസ്‌കാര ജേതാവുമായ വി എ കബീര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഹമദ് പരിഭാഷാ പുരസ്‌കാരത്തിന് സമര്‍പ്പിച്ച ഡീ സി ബുക്‌സ് പ്രസിദ്ധീകരിച്ച ഫാത്തിമാ മെര്‍നിസിയുടെ വേലി ചാടുന്ന പെണ്‍കിനാവുകള്‍ ആദ്യം പ്രസിദ്ധീകരിച്ചത് ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നുവെന്ന് വി എ കബീര്‍ അനുസ്മരിച്ചു. വര്‍ഷങ്ങളുടെ ബന്ധമാണ് ചന്ദ്രിക പ്രസിദ്ധീകരണങ്ങളുമായി ഉള്ളത്.


കോളെജ് വിദ്യാര്‍ത്ഥിയായ കാലത്ത് ആദ്യപ്രതിഫലമായി മൂന്നര രൂപ ലഭിച്ചതും ചന്ദ്രികയില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം കമ്മ്യൂണിറ്റി റീച്ചൗട്ട് ഓഫീസ് പ്രത്യേക പ്രതിനിധി ഫൈസല്‍ ഹുദവി, ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഖത്തര്‍ സി ഇ ഒ ഡോ. സമീര്‍ മൂപ്പന്‍, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, സംസ്‌കൃതി ജനറല്‍സെക്രട്ടറി സുനില്‍കുമാര്‍, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ അബ്ദുസ്സമദ് ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ കെ എം സി സി സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി, ഐ സി സി കള്‍ച്ചറല്‍ കോഡിനേറ്റര്‍ നിര്‍മ്മല ഷണ്‍മുഖ പാണ്ഢ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ജയചന്ദ്രന് ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ഇന്‍ചാര്‍ജ്ജ് പികെ അബ്ദുറഹീമും വി എ കബീറിന് ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം എ പി അബ്ദുര്‍റഹിമാനും ഉപഹാരം കൈമാറി.


പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. റിയ റഫീഖ് അവതാരികയായിരുന്നു. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി സ്വാഗതവും മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഫൈസല്‍ എ ടി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദര്‍ബ് അല്‍ സായിയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

ഇന്ത്യക്കും ഖത്തറിനുമിടയിലെ ശക്തമായ സാംസ്‌കാരിക ബന്ധം ഉയര്‍ത്തിക്കാട്ടി സിമ്പോസിയം