
ദോഹ: ചന്ദ്രിക ദിന പത്രം കേരള മുസ്്‌ലിം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണെന്നും പത്രത്തെ നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്്‌ലിം ലീഗ് നേതാവും ഖത്തര്‍ കെഎംസിസി സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഇ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍. ദോഹയിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രികക്ക് വേണ്ടിയും മുസ്്‌ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടിയും ഏതാനും വര്‍ഷങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഇപ്പോഴും വലിയ നേട്ടമായി കരുതുന്നു. സമൂഹിക പ്രവര്‍ത്തന രംഗത്ത് ചന്ദ്രിക റീഡേഴ്‌സ് ഫോറവും ഖത്തര്‍ കെഎംസിസിയും നല്‍കിയ പിന്തുണ എന്നും ഓര്‍മിക്കപ്പെടുന്നതാണ്.
കോഴിക്കോട് പുറത്തിറങ്ങുന്ന ചന്ദ്രിക എട്ടു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു 1980 കാലഘട്ടങ്ങളില്‍ ഖത്തറില്‍ എത്തിയിരുന്നത്. നിരവധി വരിക്കാര്‍ അക്കാലത്ത് തന്നെ ചന്ദ്രികക്ക് ഉണ്ടായിരുന്നു. മലയാളികളുടെ റൂമുകളില്‍ കയറി ഇറങ്ങി ചന്ദ്രികക്ക് വേണ്ടി പ്രചാരണവും വിതരണവും നടത്തിയതും സീതീ സാഹിബ് ചന്ദ്രിക പ്രചാരണത്തിന് ഖത്തറിലെത്തിയതുമെല്ലാം ഇന്നും ഓര്‍മ്മയിലെ ആവേശ നിമിഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഖത്തറിന്റെ ഓരോ പ്രഭാതങ്ങളിലും വായനക്കാരിലേക്ക് ചന്ദ്രിക പത്രം എത്തിക്കാന്‍ നമുക്ക് കഴിയുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. സമുദായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ വികാരത്തിന് അടിപ്പെടാതെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പത്രത്തെ വേറിട്ടതാക്കുന്നത്. പാര്‍ട്ടി നയപരിപാടികള്‍ പ്രവര്‍ത്തകരിലേക്കെത്തിക്കുന്നതിനും വായനക്കാരില്‍ ശരിയായ ദിശാബോധം നല്‍കുന്നതിനും പത്രം വഹിക്കുന്ന പങ്ക്് വിലപ്പെട്ടതാണെന്നും ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു.