
ദോഹ: ഖത്തറിലെ ചലച്ചിത്ര പ്രേമികള്‍ക്കായി നൂതനമായ മൊബൈല്‍ ആപ്പ്. കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റി ഖത്തറിലെ(സിഎംയു-ക്യു) വിദ്യാര്‍ഥി അബൂബക്കര്‍ ഉമറാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഖത്തര്‍ മൂവിസ് എന്നാണ് ആപ്പിന് നാമകരണം ചെയ്തിരിക്കുന്നത്. ഖത്തര്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിലുള്ള സിനിമകള്‍, പ്രദര്‍ശനസമയം, സിനിമ ചാര്‍ട്ടിങ് എന്നിവ മനസിലാക്കുന്നതിനും അവ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനുമുള്ള സൗകര്യം ഖത്തര്‍ മൂവീസിലുണ്ട്. ഒരു സിനിമ കാണുന്നതിനായി സുഹൃത്തിനോടൊപ്പം ഏകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉമര്‍ ഇത്തരമൊരു ആപ്പ് എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത്.
സുഹൃത്ത് വിദേശത്തുനിന്ന് വരുമ്പോള്‍ പതിവായി സിനിമ കാണാന്‍ പോകാറുണ്ട്. ഔട്ട്‌ഡോറിലായിരിക്കുമ്പോള്‍ സിനിമകളുടെ പ്രദര്‍ശനസമയം മനസിലാക്കാന്‍ കഴിയാത്തത് അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. സിനിമകളുടെ ഷോടൈം മനസിലാക്കണമെങ്കില്‍ ഡാറ്റാ പ്ലാന്‍ ഓണാക്കേണ്ട സാഹചര്യമാണ്. ഓഫ് ലൈനില്‍ ആയിരിക്കുമ്പോഴും ഷോടൈം കാണാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ് വികസിപ്പിക്കാനാകുമെന്ന ചിന്ത അപ്പോഴാണ് ഉയര്‍ന്നുവന്നത്.
ഈ ആശയം സുഹൃത്തിനോടു പങ്കുവയ്ക്കുകയും ആപ്പ് തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയുമായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ഉമര്‍ ഈ ജനുവരിയില്‍ സെമസ്റ്റര്‍ തുടക്കത്തിലാണ് തനിക്കും സുഹൃത്തുക്കള്‍ക്കുമായി ആപ്പ് വികസിപ്പിച്ചത്. ചലച്ചിത്രപ്രേമികള്‍ ആപ്പിനെക്കുറിച്ച് കേട്ടറിഞ്ഞ് ഖത്തര്‍ മൂവീസ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി. സെമസ്റ്റര്‍ അവസാനമായപ്പോഴേക്കും ആയിരത്തിലധികം ഉപയോക്തക്കളാണ് ഖത്തര് മൂവിസ് ഉപയോഗിക്കുന്നത്. ആപ്ലിക്കേഷന്റെ ലാളിത്യത്തിലും ഉപയോഗത്തിലും ജനങ്ങള്‍ സന്തുഷ്ടരാണ്.
പ്രാരംഭ ലക്ഷ്യമെന്നത് ഓഫ്‌ലൈന്‍ മോഡിലൂടെ തനിക്കും സുഹൃത്തിനും സന്തോഷം ലഭിക്കുകയെന്നതായിരുന്നു. ആകസ്മികമായി നൂറുകണക്കിന് പേരെ സന്തോഷിപ്പാകാനാകുന്നു. ഇത് ആഹ്ലാദകരമായ ആശ്ചര്യമാണ്- ഉമര്‍ പറഞ്ഞു. മൊബൈല്‍ ആപ്പ് ജനപ്രീതി നേടിയതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കുന്നതിനും ശ്രമങ്ങള്‍ നടത്തി.
ആപ്പിളിലും ഗൂഗിള്‍ സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഖത്തര്‍ മൂവീസില്‍ ഏറ്റവും പുതിയ ഡാറ്റ സ്വയമേവ അപ്‌ഡേറ്റ് ചെയ്യുകയും ഓഫ്‌ലൈനില്‍ ആയിരിക്കുമ്പോഴും ദൃശ്യമാവുകയും ചെയ്യും. സിനിമകളുടെ ഷോടൈം, തരം, ഭാഷ എന്നിവയെല്ലാം കൃത്യമായി വേര്‍തിരിക്കാന്‍ ആപ്പ് സഹായകമാണ്. ട്രെയിലറുകള്‍ കാണാനാകും. ഐഎംഡിബി റേറ്റിങ് പരിശോധിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. വാട്‌സാപ്പ് മുഖേന ഷോടൈമുകള്‍ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനാകും.
ആപ്പ് മുഖേന ഉപയോക്താക്കള്‍ക്ക് തീയറ്ററിലേക്ക് യൂബര്‍ ബുക്ക് ചെയ്യാനാകും. വസെ അതല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ് മുഖേന ലൊക്കേഷന്‍ മനസിലാക്കാനുമാകും. കൂടുതല്‍ ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമര്‍ പറഞ്ഞു.