
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരെ പിന്തുണക്കുന്നതിനായി ഖത്തരി, അറബ് ആസ്വാദകര്‍ ഉള്‍പ്പടെയുള്ളവര്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെത്തണമെന്ന് സംഘാടകസമിതിയിലെ മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍താനി ആഹ്വാനം ചെയ്തു.
ഖലീഫ സ്റ്റേഡിയത്തിലെ ഔട്ട്ലെറ്റുകളില് ടിക്കറ്റുകള്‍ ലഭ്യമാണ്. തങ്ങളുടെ ഹീറോകളുടെ പ്രകടനം കാണുന്നതിനും സ്റ്റേഡിയത്തിനു പുറത്തെ പരിപാടികള്‍ ആസ്വദിക്കുന്നതിനും അവര്‍ കാണികളെ സ്വാഗതം ചെയ്തു. 2019ലെ ഏറ്റവും സുപ്രധാനമായ കായികപരിപാടിയാണ് ലോക അത്ലറ്റിക്സ്.
ലോകമെമ്പാടുമുള്ള 209 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അത്ലറ്റുകളും 700 ലധികം മാധ്യമ പ്രവര്‍ത്തകരുമാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതിയുടെ മഹത്തായ ശ്രമങ്ങള്‍ അവര്‍ വിശദീകരിച്ചു.
ഈ ടൂര്‍ണമെന്റിനെ ഒരു പാരമ്പര്യമായി വര്‍ഷങ്ങളോളം ഒപ്റ്റിമൈസ് ചെയ്യുന്നതിന് സമിതി വിപുലമായ ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു.
ഖത്തരി പൈതൃകവും സാംസ്കാരിക ടൂറിസവും അവതരിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളില്‍ നിരവധി വിനോദ പരിപാടികള്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലും അറബ് മേഖലയിലും ആദ്യമായെത്തിയ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ഖത്തറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ശൈഖ അസ്മ അല്‍താനി പറഞ്ഞു. ടൂര്‍ണമെന്റിന്റെ സൗന്ദര്യവും മൂല്യവും വര്‍ധിപ്പിക്കുന്നതാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ഫാന്‍സോണിലെ പരിപാടികള്‍.
ചാമ്പ്യന്‍ഷിപ്പിലെ ഏഷ്യന്‍ താരങ്ങളുടെ പ്രകടനത്തെ ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് പ്രസിഡന്റും ഐഎഎഎഫ് വൈസ്പ്രസിഡന്റുമായ ദഹ്ലന് ജുമാന് അല്‍ഹമദ് പ്രശംസിച്ചു. ഏഷ്യന്‍ അത്ലറ്റുകളുടെ വര്‍ധിച്ച പങ്കാളിത്തമാണ് ദോഹ അത്ലറ്റിക്സിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.