ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ചെക്ക് സൗകര്യം ലഭിക്കില്ല

ദോഹ: ചെക്കുകള്‍ മടങ്ങുന്നത് തടയുന്നതിനായി പുതിയ നടപടിക്രമങ്ങള്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ക്രിമിനല്‍ കോടതികള്‍ പ്രഖ്യാപിച്ചു. പീനല്‍കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ചെക്ക് അനുബന്ധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ചെക്ക് സൗകര്യം ലഭിക്കില്ല.
ശിക്ഷിക്കപ്പെട്ടവരുടെ ചെക്ക് സൗകര്യം നിശ്ചിത കാലയളവിലേക്ക് പിന്‍വലിക്കും. ചെക്കുകള്‍ മടങ്ങുന്ന കേസുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ഏകോപിപ്പിച്ച് സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ക്രിമിനല്‍ കോടതികള്‍ ചില നടപടിക്രമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പതിവായി ബാലന്‍സ് ഇല്ലാതെ ചെക്കുകള്‍ അനുവദിക്കുന്നവര്‍, ഒന്നിലധികംതവണ ശിക്ഷ നേരിട്ടവര്‍, ചെക്കുമായി ബന്ധപ്പെട്ട് നല്‍കേണ്ട തുക അടക്കുന്നതില്‍ പരാജയപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പെടുത്തി കരിമ്പട്ടിക തയാറാക്കുന്നതിനുള്ള നടപടികളും കോടതികള്‍ തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ചാണിത്. കൂടുതല്‍ പേര് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ബോധവത്കരണം വ്യാപകമാക്കുന്നതിനായാണിത്.
2006ലെ 27-ാം നമ്പര്‍ വാണിജ്യനിയമത്തിലെ 604-ാം വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള അനുബന്ധ ശിക്ഷ നടപ്പാക്കാന്‍ കോടതി തുടങ്ങിയിട്ടുണ്ട്. പീനല്‍കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ചെക്ക് അനുബന്ധ കുറ്റകൃത്യങ്ങളില്‍ ആരെയെങ്കിലും കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയില്‍നിന്നും ചെക്ക്ബുക്ക് പിന്‍വലിക്കാന്‍ ഉത്തരവിടുകയും ഒരുവര്‍ഷത്തേക്ക് പുതിയ ചെക്കുബുക്കുകള്‍ ലഭിക്കുന്നത് തടയുകയും ചെയ്യാമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
കോടതികളും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും ഈ വ്യവസ്ഥകള്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്യും. ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് നല്കിയ ചെക്കുബുക്കുകള്‍ പിന്‍വലിക്കുകയും കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് ഒന്നോ അതിലധികമോ വര്‍ഷത്തേക്ക് പുതിയ ചെക്കുബുക്കുകള്‍ നല്കുന്നതില് നിന്നും വിട്ടുനില്‍ക്കുകയും വേണമെന്ന് അറിയിക്കും.
കോടതികള്‍ ശിക്ഷിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായിരിക്കും ഇത് ബാധകമാകുക. പീനല്‍കോഡിലെ 357-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഡ്യൂ ചെക്കുകളുടെ മൂല്യം റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ക്രിമിനല്‍ കോടതികള്‍ തുടങ്ങും. സിവില്‍കോടതിയില്‍ കേസ് ഫയല്‍ ചെയ്യാതെതന്നെ ശിക്ഷിക്കപ്പെട്ട വ്യക്തിയെ ചെക്കിന്റെയും ഗുണഭോക്താവിന്റെ ചെലവുകളുടെയും മൂല്യം നല്കാന് കോടതികള്‍ ബാധ്യസ്ഥരാക്കും.
ചെക്ക് സംബന്ധമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കോടതികളിലെത്തിയത് 37,130 ക്രിമിനല്‍ കേസുകളാണ്. ഇതില്‍ 34,882 കേസുകളില്‍ വിധി പറയുകയും ചെയ്തു. അതേസമയം 2004ലെ പീനല്‍ കോഡ് നമ്പര്‍ 11 സൂചിപ്പിക്കുന്നത് 357-ാം വകുപ്പു പ്രകാരം ബാലന്സില്ലാതെയുള്ള ചെക്ക് സംബന്ധിച്ച കുറ്റകൃത്യത്തിന് മൂന്നു മാസത്തില്‍ കുറയാത്തതും മൂന്നു വര്‍ഷത്തില്‍ കവിയാത്തതുമായ തടവും 3000 ഖത്തര്‍ റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.