in

ചെറിയ എണ്ണം കര്‍വ ഡ്രൈവര്‍മാരുടെ പിഴവുകള്‍ സാമാന്യവല്‍ക്കരിക്കരുത്: മുവാസലാത്ത്

ദോഹ: ചെറിയ എണ്ണം കര്‍വ ഡ്രൈവര്‍മാരുടെ പിഴവുകള്‍ സാമാന്യവല്‍ക്കരിക്കാന്‍ ഉപയോഗിക്കരുതെന്ന് പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്(കര്‍വ) പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഖാലിദ് കഫൗദ്. സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖ വ്യക്തിത്വമായ ഹസന്‍ അല്‍സായിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലെ പൊതുടാക്‌സികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ഉയര്‍ത്തപ്പെടുന്ന ആശങ്കകളായ ആക്രമണാത്മക ഡ്രൈവിങ്, മീറ്റര്‍ ക്രമക്കേട് എന്നിവയൊന്നും കാര്യമായ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല.

ഖത്തരി ഗതാഗത നിയമങ്ങള്‍, സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍, ഡ്രൈവിങ് മര്യാദകള്‍ എന്നിവയെക്കുറിച്ച് വിപുലമായ പരിശീലനം നേടിയതിനു ശേഷമാണ് കര്‍വ ഡ്രൈവര്‍മാര്‍ നിരത്തുകളിലേക്കിറങ്ങുന്നത്. 35 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 7,000ത്തോളം ഡ്രൈവര്‍മാര്‍ ഖത്തറില്‍ 4,000 കര്‍വ വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഇവരെല്ലാം ഉയര്‍ന്ന തലത്തില്‍ പരിശീലനം നേടിയവരാണ്. റോഡില്‍ ഉപഭോക്താക്കളുമായും മറ്റ് ഡ്രൈവര്‍മാരുമായും നല്ലരീതിയില്‍ ഇടപെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ക്രാഷ് കോഴ്‌സ് ലഭ്യമാക്കുന്നുണ്ട്. ബഹുഭൂരിപക്ഷം കര്‍വ ഡ്രൈവര്‍മാരും ഉത്തരവാദിത്വബോധമുള്ളവരാണ്.

ചില ഡ്രൈവര്‍മാര്‍ തെറ്റുകള്‍ വരുത്തുന്നുണ്ടെങ്കിലും അവരുടെ എണ്ണം കേവലം ചെറിയ ശതമാനം മാത്രമേയുള്ളൂ. നിരത്തുകളിലെ കര്‍വ ടാക്‌സികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ അവ വളരെ നിസാരമാണ്. ഡ്രൈവര്‍മാര്‍ക്കും കമ്പനിക്കുമിടയിലെ പ്രൊഫഷണലിസത്തിന്റെ പ്രതിഫലനമാണിത്. എല്ലാ കര്‍വ ഡ്രൈവര്‍മാരും അവര്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കഫൗദ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെയുള്ള ഓരോ പരാതിയും മുവാസലാത്ത് ഗൗരവത്തോടെയാണ് എടുക്കുന്നത്. പരാതികള്‍ തൃപ്തികരമായാണ് പരിഹരിക്കപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധയോടെ പിന്തുടരുകയും ചെയ്യുന്നുണ്ട്.


യാത്രക്കാരെ കയറ്റുന്നതിനായി തിരക്കേറിയ റോഡുകളില്‍ കര്‍വ ടാക്‌സികള്‍ നിര്‍ത്തുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുന്നുവെന്ന പൊതു ആശങ്കകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തങ്ങള്‍ ടാക്‌സിയുമായാണ് ഇടപെടുന്നതെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളെ കാത്തിരിക്കാനാണ് ഒരു ടാക്‌സി. ചില സ്ഥലങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങളില്ലെങ്കിലും ഡ്രൈവര്‍ യാത്രക്കാരനായി നിര്‍ത്തേണ്ടിവരുന്നുണ്ട്.

കര്‍വ ടാക്‌സികളില്‍ മീറ്റര്‍ ക്രമക്കേട് അസാധ്യമാണ്. മീറ്ററുകള്‍ ഓട്ടോമേറ്റഡാണ്. ഒരു യാത്രക്കാരന്‍ വാഹനത്തില്‍ കയറുന്നതോടെ സെന്‍സറുകള്‍ മുഖേന അവ പ്രവര്‍ത്തനസജ്ജമാകുമെന്നും കഫൗദ് പറഞ്ഞു. പൊതുഗതാഗത സംസ്‌കാരത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ പ്രാധാന്യവും കഫൗദ് എടുത്തുപറഞ്ഞു. ഒരു സ്‌കൂള്‍ ബസിനു നല്‍കുന്ന അതേപ്രാധാന്യവും മുന്‍ഗണനയുമാണ് പൊതുഗതാഗതബസിനും നല്‍കേണ്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സമാനതകളില്ലാത്ത അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പ്: ബ്രസീല്‍ ഇതിഹാസതാരം കഫു

അഞ്ചാമത് കത്താറ അറബ് സാഹിത്യോത്സവം ഒക്ടോബര്‍ 13 മുതല്‍