
ദോഹ: ഖത്തര്‍ കള്‍ച്ചറല്‍ ആന്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞരും എഴുത്തുകാരും പെങ്കടുക്കും. ജൂലൈ 11, 12 ദിവസങ്ങളിലായി കതാറ കള്‍ച്ചറല്‍ വില്ലേജിലാണ് ഒന്നാമത് സാഹിത്യമേള നടക്കുന്നത്. ഇന്ത്യന്‍ ഗായകന് മില്‍ക സിങ്, എഴുത്തുകാരന് ചേതന്‍ഭഗത്, അഭിനേതാവും കവിയുമായ പിയുഷ് മിശ്ര, ആസിഡ് ആക്രമണത്തിന്റെ ഇരയും സാമൂഹ്യപ്രവര്‍ത്തകയുമായ ലക്ഷ്മി അഗര്‍വാള്‍ തുടങ്ങിയ പ്രമുഖരാണ് മേളക്കായി ദോഹയിലെത്തുന്നത്.
ബോളിവുഡ് അഭിനേതാവ് വിന്ദു ദാര സിങ്, വാര്ത്താഅവതാരകന് അനുരാഗ് പുനിത, മാധ്യമപ്രവര്ത്തകന് മന്‍ജീത് നേഗി, എഴുത്തുകാരായ അന്ജുത് തിവാരി, അപര്‍ണ ശര്‍മ, അതിദി ബാനര്‍ജി, ക്ലാസിക്കല്‍ ഡാന്‍സര്‍ അരുപ ലഹിരി, കവി നിതിന്സോണി, സാമൂഹികപ്രവര്‍ത്തക അനുരാഗ് ചൗഗന്‍, തിരക്കഥാകൃത്ത് രാജ് ശാന്തിലിയ, സിനിമാതാരം സുശാന്ത് സിങ്, ബാള്‍റൂം ഡാന്‍സര്‍ സന്ദീപ് സോപാര്‍ക്കര്‍, ക്രിയേറ്റീവ് റൈറ്റര്‍ എറിക റലൈനെ എന്നിവരും വിവിധ ദിവസങ്ങളില്‍ മേളയില്‍ പെങ്കടുക്കും. ആദ്യദിനമായ ജൂലൈ 11ന് വൈകുന്നേരം 5.30നാണ് മേള ആരംഭിക്കുക.
വൈകുന്നേരം 7.30നാണ് മില്‍ക സിങിന്റെ സംഗീതപരിപാടി. പുസ്തകപ്രകാശനം, സാഹിത്യചര്‍ച്ച, എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടാകും. രണ്ടാം ദിനമായ ജുലൈ 12ന് രാവിലെ 11.30ന് എഴുത്തുകാരന് ചേതന്‍ ഭഗതിന്റെ പ്രഭാഷണം ഉണ്ടാകും. ഉച്ചക്ക് 12ന് പാനല്‍ ചര്‍ച്ച നടക്കും. സ്ത്രീ ശാക്തീകരണം വിഷയത്തിലാണ് ചര്‍ച്ച. തുടര്‍ന്ന് പിയൂഷ് മിശ്രയുടെ കവിതാലാപന പരിപാടിയും ഉണ്ടാകും.