
ദോഹ:ആഗോള നിയമ ഭരണ സംവിധാനങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി പരിഹാരങ്ങള്‍ തേടണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഭാവിയില്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ശക്തമാക്കണം. പ്രത്യേകിച്ചും നമ്മുടെ പ്രദേശം ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ അന്താരാഷ്ട്ര നിയമസാധുതയും നിയമവും ഉപേക്ഷിച്ചതിന്റെ അനന്തരഫലങ്ങള്‍ പ്രകടമാകുന്ന സാഹചര്യത്തില്‍.
‘ഒരു മള്‍ട്ടിപോളാര്‍ ലോകത്ത് ഭരണം പുനര്‍ചിന്തനം ചെയ്യുക’ എന്ന പ്രമേയത്തിന് കീഴിലുള്ള ഈ വര്‍ഷത്തെ ദോഹ ഫോറം റിപ്പോര്‍ട്ടിന്റെ കേന്ദ്രബിന്ദുവാണ് ഈ വിഷയമെന്നും അമീര്‍ വ്യക്തമാക്കി. 19-ാമത് ദോഹഫോറം ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. പരിസ്ഥിതിയും കാലാവസ്ഥാ പ്രശ്‌നങ്ങളും രൂക്ഷമാവുകയാണെന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള വിശാലമായ പ്രദേശങ്ങളില്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല, അതുപോലെ തന്നെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ ഭൂമി കൈവശപ്പെടുത്തുന്നതും പിടിച്ചെടുക്കുന്നതും തുടരുന്നു. ദാരിദ്ര്യം, യുദ്ധങ്ങള്‍, അഭയം, കുടിയേറ്റ പ്രശ്‌നങ്ങള്‍ എന്നിവ തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന കാര്യം അമീര്‍ ചൂണ്ടിക്കാട്ടി. സായുധ മിലിഷിയകള്‍ സായുധ സംഘര്‍ഷങ്ങളില്‍ നിന്ന് മുതലെടുക്കുകയും യുദ്ധക്കുറ്റവാളികളെ ഉത്തരവാദിത്തത്തോടെ നിലനിര്‍ത്തുന്ന പ്രക്രിയ സങ്കീര്‍ണ്ണമാവുകയും ചെയ്തു. ഏകോപിപ്പിച്ച അന്താരാഷ്ട്ര ശ്രമങ്ങളും പങ്കിട്ട ദര്‍ശനങ്ങളും ഇല്ലാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. അക്രമാസക്തമായ തീവ്രവാദത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു മതത്തിലേക്കോ വംശത്തിലേക്കോ പരിമിതപ്പെടുത്താനാകില്ല. ഇത്തരം വിഷയങ്ങളും വിവേചനരഹിതമായി നിരപരാധികളെ ലക്ഷ്യമിടല്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്്. ഖത്തറില്‍ ഈ സാഹചര്യത്തെ വിമര്‍ശിക്കുക മാത്രമല്ല, ഭാഗികമായി പോലും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തങ്ങള്‍ സ്വയം പ്രതിജ്ഞാബദ്ധരാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര നിയമസാധുതയെയും ബഹുമാനിക്കുന്നതിലും മധ്യസ്ഥതയിലൂടെ സമാധാനപരമായി പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിലും സംഭാഷണത്തിന് ഇടം നല്‍കുന്നതിലും അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ക്ക് പുറമേ ദോഹ ഫോറം, ദോഹ കോണ്‍ഫറന്‍സ് ഓണ്‍ ഇന്റര്‍ഫെയിത്ത് ഡയലോഗ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളും സ്ഥാപിച്ചതായി അമീര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് കഴിഞ്ഞയാഴ്ച നടന്ന വൈകല്യവും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം, ലോക ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍,തുടങ്ങിയ സുപ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് ഈ വര്‍ഷം ദോഹ സാക്ഷ്യം വഹിച്ചു.
ദുരിതാശ്വാസവികസന തലത്തില്‍, കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഐക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ചെറിയ ദ്വീപ് രാജ്യങ്ങള്‍ക്ക് 100 മില്യണ്‍ ഡോളര്‍ അനുവദിച്ചകാര്യവും അമീര്‍ ചൂണ്ടിക്കാട്ടി. 2021 ആകുമ്പോഴേക്കും സംഘര്‍ഷമേഖലകളിലെ പത്ത് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാമെന്നും ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഖത്തരി സംഘടനകളുടെ ശ്രമങ്ങള്‍ക്ക് പുറമെയാണിത്. ലോകമെമ്പാടുമുള്ള സംഘര്‍ഷ പ്രദേശങ്ങളിലെ 10 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ലോകമെമ്പാടുമായി 262 ദശലക്ഷം കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ഒരു ലോകത്ത്, സംഘര്‍ഷമേഖലകളില്‍ 27ദശലക്ഷം കുട്ടികള്‍ക്ക് അവരുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ ഇതൊരു മിതമായ ശ്രമമാണ്. പക്ഷെ ഖത്തര്‍ ഞങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നു- അമീര്‍ പറഞ്ഞു. എല്ലാ ഭൂഖണ്ഡങ്ങളിലെയും 59 രാജ്യങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ക്കായി ഖത്തര്‍ വികസന ഫണ്ട് പ്രതിവര്‍ഷം 600 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നു. 50 രാജ്യങ്ങളിലെ 10 ദശലക്ഷം ജനങ്ങളുടെ പ്രയോജനത്തിനായി വികസന പദ്ധതികള്‍ക്കായി 400 മില്യണ്‍ ഡോളര്‍ ഖത്തര്‍ ചാരിറ്റി സംഭാവന ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട് സിലാടെക് പ്രവര്‍ത്തിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമായി ഇതുവരെ 1.6 ദശലക്ഷം കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ സിലാടെകിനായി. 2022ഓടെ 5.8 ദശലക്ഷം കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാനും സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്. മനുഷ്യരാശി നേരിടുന്ന നിരവധി പ്രയാസകരമായ വെല്ലുവിളികള്‍ ഉണ്ടെന്നതില്‍ സംശയമില്ല, എന്നാല്‍ ധാരാളം നന്മ, പ്രയോജനം, ആത്മാര്‍ത്ഥത, ദൃഢനിശ്ചയം, പുതുമ എന്നിവയെ ആശ്രയിക്കാന്‍ കഴിയും.
അതിനാല്‍, നന്മയെയും മനുഷ്യനേട്ടങ്ങളെയും എവിടെ കണ്ടാലും നാമെല്ലാവരും അനുസ്മരിക്കണം- അമീര്‍ പറഞ്ഞു. സംഭാഷണത്തിനും ആശയ കൈമാറ്റത്തിനുമായി 19 വര്‍ഷം മുമ്പ് ആരംഭിച്ച പ്ലാറ്റ്‌ഫോമായ ദോഹ ഫോറത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് അമീര്‍ പ്രസംഗം തുടങ്ങിയത്.