in , , , , ,

ജനങ്ങളെ മതങ്ങള്‍ക്കനുസരിച്ച് തരംതിരിക്കുന്നത് വംശീയചിന്ത: അമീര്‍

ആര്‍ റിന്‍സ്
ദോഹ

ജനങ്ങളെ അവരുടെ മതങ്ങള്‍ക്കനുസരിച്ച് റാങ്കുകളായി തരംതിരിക്കുന്ന സമീപനം വംശീയ ചിന്തയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മുന്‍കാലങ്ങളില്‍ ജനങ്ങളെ വംശത്തിനനുസരിച്ച് ഗ്രേഡുകളായി മുദ്രകുത്തിയ ചിന്തയില്‍ നിന്നും ഒട്ടുംവ്യത്യസ്തമല്ല ഇത്തരത്തില്‍ തരംതിരിക്കുന്ന സമീപനമെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
മലേഷ്യയില്‍ ക്വാലാലംപൂര്‍ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അമീര്‍. ഇസ്ലാമിക സംസ്‌കാരം, വികസനം, നല്ല ഭരണം, മനുഷ്യാവകാശം എന്നിവ തമ്മില്‍ വൈരുദ്ധ്യമില്ല. മറ്റ് പ്രധാന നാഗരികതകളെപ്പോലെ അവയ്ക്ക് പ്രബുദ്ധവും യുക്തിസഹവുമായ ഭരണ സംവിധാനങ്ങളുടെ ഇന്‍കുബേറ്ററാകാമെന്ന് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ അനുഭവത്തിലൂടെയും പ്രയോഗങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ചില ഭരണകൂടങ്ങള്‍ അവരുടെ ജനങ്ങളുടെ ഇസ്ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ അവികസനത്തെയും സ്വേച്ഛാധിപത്യത്തെയും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിനെയും ന്യായീകരിക്കുന്നു. എന്നാല്‍ അത്തരം ന്യായീകരണങ്ങള്‍ ഇസ്ലാമിക നാഗരികതയുടെ മനോഭാവവുമായി പൊരുത്തപ്പെടുന്നില്ല. ലോകത്തിലെ മറ്റ് ജനങ്ങളില്‍ നിന്നും നാഗരികതകളില്‍ നിന്നും ഞങ്ങള്‍ അടിസ്ഥാനപരമായി വ്യത്യസ്തരല്ല. ജനങ്ങളെ അവരുടെ മതങ്ങള്‍ക്കനുസരിച്ച് റാങ്കുകളായി തരംതിരിക്കുന്ന സമീപനം ഒരു വംശീയ ചിന്തയെ പ്രതിഫലിപ്പിക്കുന്നു. അത് അവരുടെ വംശീയത അനുസരിച്ച് മുന്‍കാലങ്ങളില്‍ ഗ്രേഡുകളായി മുദ്രകുത്തിയ ചിന്തയില്‍ നിന്ന് വ്യത്യസ്തമല്ല. മാനവികതയും സാര്‍വത്രിക മൂല്യങ്ങളും പാലിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടുതന്നെ നാഗരികതയെയും മതത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. രണ്ട് വിഷയങ്ങളും തമ്മില്‍ വൈരുദ്ധ്യമില്ല- അമീര്‍ ചൂണ്ടിക്കാട്ടി. തീരുമാനങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളില്‍ ദേശീയപരമാധികാരം ഇല്ലാതെ ദേശീയവികസനം അല്ലെങ്കില്‍ മനുഷ്യവികസനം സാധ്യമല്ല. മറുവശത്ത്, സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും ആശ്രയത്വത്തിന്റെയും അവസ്ഥയില്‍ ദേശീയ പരമാധികാരവും തീരുമാനത്തിന്റെ സ്വാതന്ത്ര്യവും നിലനിര്‍ത്തുക അസാധ്യമാണ്. അതിനാല്‍, സ്വാതന്ത്ര്യത്തിന്റെയും ദേശീയ പരമാധികാരത്തിന്റെയും അനിവാര്യ സ്തംഭമാണ് വികസനം. ഇക്കാര്യത്തില്‍ ദേശീയ വികസന തന്ത്രം 2012- 2017, രണ്ടാം വികസന തന്ത്രം 2018- 2022 എന്നിവയിലൂടെ ദേശീയ ദര്‍ശനം 2030 കൈവരിക്കുന്നതിനു ഖത്തര്‍ മുന്‍ഗണന നല്‍കിയതായും അമീര്‍ പറഞ്ഞു.
ഖത്തറിന്റെ വികസന നയത്തില്‍, ദേശീയ സ്വത്വത്തിലുള്ള വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളോടും യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസത്തോടും ചേര്‍ന്നുനില്‍ക്കുന്നതുമാണ് പരിഗണിക്കുന്നത്. യുക്തിസഹമായ സാമൂഹികവും സാമ്പത്തിക ആസൂത്രണവുമായി പെരുത്തപ്പെടുന്നുണ്ടെന്നും നോക്കുന്നു. ലോകത്തിനായി തുറന്നിടല്‍, നീതിയെക്കുറിച്ചും മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും സാര്‍വത്രിക മനുഷ്യവീക്ഷണം എന്നിവയും കണക്കിലെടുക്കുന്നു.
ഇതിനര്‍ത്ഥം മറ്റ് വിശ്വാസങ്ങളോടുള്ള സഹിഷ്ണുത, നമ്മുടെ ലോകത്തിലെ ബഹുസ്വരതയും വൈവിധ്യവും അംഗീകരിക്കുക എന്നിവ കൂടിയാണ്്. എന്തായാലും, മതഭ്രാന്ത് ആത്മവിശ്വാസക്കുറവിന്റെ തെളിവായി മാത്രമല്ല സ്വത്വ പ്രതിസന്ധിയുടെ തെളിവായിട്ടാണ് നാം കാണുന്നതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. ആധുനികകാലത്തെ സംഭവങ്ങളുടെ ക്രമം കാണിക്കുന്നതുപോലെ ആക്രമാസക്തമായ വര്‍ഗീയതയെ ഒരു പ്രത്യേകമതത്തോടും സംസ്‌കാരത്തോടും ചേര്‍ത്തുനിര്‍ത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു ആഗോളപ്രശ്‌നമാണ്.
ഇത് എല്ലാവരേയും ബാധിച്ചേക്കാവുന്നതും മതഭ്രാന്ത്, അതുപോലെ തന്നെ മതരഹിത പ്രത്യയശാസ്ത്രം, നിരാശ, അജ്ഞതയുടെ അവസ്ഥകള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയ്ക്ക് ആക്കം കൂട്ടുന്നതുമാണ്. അതിനാല്‍, അതിന്റെ ദീര്‍ഘകാല പ്രതിരോധത്തില്‍ അതിന്റെ വേരുകളെ അഭിസംബോധന ചെയ്യുന്നത് ഉള്‍പ്പെടുത്തണമെന്നും അമീര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കരുത്താണ് ഖത്തര്‍

ഇസ്‌ലാമിനെതിരായ പ്രോത്സാഹനം വോട്ടു നേടുന്നതിനുള്ള ജനകീയ ഉപകരണമായി മാറി