in , , , ,

ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ അഞ്ചുലക്ഷം

ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ മുംബൈയിലെ ഫുട്‌ബോള്‍ പിച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

2019ല്‍ ഇന്ത്യയില്‍ രണ്ടു ഫുട്‌ബോള്‍ പിച്ചുകള്‍ ഉദ്ഘാടനം ചെയ്തു

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന്‍ അമൈസിങിന്റെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ലോകത്തൊട്ടാകെ അഞ്ചു ലക്ഷമായി. 2019ല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. ഫുട്‌ബോള്‍ ഫോര്‍ ഡെവലപ്‌മെന്റ് പരിപാടികളിലൂടെ മിഡില്‍ഈസ്റ്റ് ഏഷ്യ മേഖലയില്‍ നിരവധിപേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. ജനറേഷന്‍ അമൈസിങ് യാത്ര പത്താംവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2019ലെ കോപ്പ അമേരിക്കയോടനുബന്ധിച്ച ബ്രസീലിലെ ദരിദ്രരായ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഫ്‌ളെമംഗോ ഫുട്‌ബോള്‍ ക്ലബ്ബ്, യുഎന്നിന്റെ ഡ്രഗ്‌സ് ആന്റ് ക്രൈംസ് ഓഫീസ്(യുഎന്‍ഒഡിസി) എന്നിവയുമായി സഹകരിച്ച് പ്രത്യേക സെഷന്‍ സംഘടിപ്പിച്ചിരുന്നു.
ജോര്‍ദാനിലും മേഖലയിലും അഭയാര്‍ഥികളെയും ദുര്‍ബലരായ സമൂഹങ്ങളെയും ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ നടപ്പാക്കി. ഏഷ്യ മിഡില്‍ഈസ്റ്റ് മേഖലയില്‍ ഖത്തര്‍, ഒമാന്‍, നേപ്പാള്‍, പാകിസ്താന്‍, ജോര്‍ദാന്‍, ലബനാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ എട്ടു രാജ്യങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്.
വിവിധ രാജ്യങ്ങളിലായി മുപ്പത് ഫുട്‌ബോള്‍ പിച്ചുകള്‍ സജ്ജമാക്കി. കമ്യൂണിറ്റി ക്ലബ്ബ് എന്ന പുതിയ ആശയവും വികസിപ്പിച്ചു. പരിമിതമായ വിഭവങ്ങളുള്ള കമ്യൂണിറ്റികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനമുള്ള സുരക്ഷിതസ്ഥലമെന്ന നിലയിലാണ് ക്ലബ്ബുകളും പിച്ചുകളും വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ രണ്ടു പുതിയ ഫുട്‌ബോള്‍ പിച്ചുകള്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പങ്കാളികളായ ഓസ്‌കാര്‍ ഫൗണ്ടേഷന്‍, സ്ലം സോക്കര്‍ എന്നിവയുമായി സഹകരിച്ച് മുംബൈയിലെ കൊളാബ കോസ്‌വേയിലും നാഗ്്പൂരിലെ കാംപ്തീയിലെ ഡോ. അംബേദ്കര്‍ സ്‌കൂളിലുമാണ് പിച്ചുകള്‍ ഒരുക്കിയത്.
ജനറേഷന്‍ അമൈസിങിന്റെ ലോകവ്യാപകമായുള്ള പിച്ചുകളില്‍ 29-ാമത്തേതും 30-ാമത്തേതുമാണ് ഇവരണ്ടും. കഴിഞ്ഞമാര്‍ച്ചില്‍ സുപ്രീംകമ്മിറ്റി അംബാസഡറും സ്പാനിഷ് ഇതിഹാസതാരവുമായ സാവി ഹെര്‍ണാണ്ടസ് മുംബൈ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും ചെയ്തിരുന്നു.
ഖത്തറില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും ഖത്തര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എജ്യൂക്കേഷന്‍ കള്‍ച്ചര്‍് സയന്‍സിന്റെയും പിന്തുണയോടെ 50ലധികം സ്‌കൂളുകളില്‍ ജനറേഷന്‍ അമൈസിങ് പദ്ധതികള്‍ നടപ്പാക്കി. എട്ടിനും പന്ത്രണ്ട് വയസിനുമിടയില്‍ പ്രായമുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചു. അധ്യാപകര്‍ക്കുള്‍പ്പടെ പരിശീലനം ലഭ്യമാക്കി. ഒമാനിലെ 20 സ്‌കൂളുകളിലും പ്രോഗ്രാം നടപ്പാക്കി. പ്രഥമ ജനറേഷന്‍ അമൈസിങ് ഫെസ്റ്റിവല്‍ ഡിസംബറില്‍ ദോഹയില്‍ സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കാളികളായി. പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ എഎസ് റോമ, കാസ് യൂപെന്‍, ലീഡ്‌സ് യുണൈറ്റഡ്, ഷെഫീല്‍ഡ് എഫ്‌സി എന്നിവയുമായി സഹകരിക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നുണ്ട്.
2022 ആകുമ്പോഴേക്കും പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന്‍ അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ട്്.
ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്‌ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൂഖ് വാഖിഫ്, വഖ്‌റ സൂഖ് വസന്തോല്‍സവങ്ങള്‍ സമാപിച്ചു

കാപ്പിയെ രുചിച്ചറിയാന്‍ കത്താറയില്‍ അവസരം