
ദോഹ: 2022 ഫിഫ ലോകകപ്പിന്റെ സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന് അമൈസിങ് പ്രമുഖ ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ എഎസ് റോമയുമായി സഹകരിക്കുന്നു.
ഫുട്ബോളിന്റെ ശക്തിയിലൂടെ ഏറ്റവും ആവശ്യമര്ഹിക്കുന്നവര്ക്ക് വിലമതിക്കാനാവാത്ത ജീവിത നൈപുണ്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിനായാണ് സഹകരണം. പൈതൃകം, വിദ്യാഭ്യാസം, ഡിജിറ്റല്‍ മീഡിയ, സിഎസ്ആര്‍ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി റോമയും ജനറേഷന് അമേസിങും നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.
സസ്സുവോളോയ്ക്കെതിരായ റോമയുടെ ഹോം മത്സരത്തിന് മുമ്പ് സ്റ്റേഡിയോ ഒളിംപിക്കോ മൈതാനത്തായിരുന്നു ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്നത്. റോം, ഖത്തര്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യയിലെ മറ്റ് അന്താരാഷ്ട്ര നഗരങ്ങള്‍ എന്നിവിടങ്ങളിലെ ജനറേഷന് അമേസിങ്, എഎസ് റോമ പ്രോഗ്രാമുകളുടെ സംയുക്ത സംരംഭവും പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു.
ലിംഗസമത്വം, ദോഹയിലും റോമിലും വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യല്‍, ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബി 4 ഡെവലപ്മെന്റ് എന്നിവയിലൂടെ കൂടുതല്‍ പാരമ്പര്യ അവസരങ്ങള്‍ സജീവമാക്കല്‍ എന്നിവയും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള ജനറേഷന് അമേസിങിന്റെ പദ്ധതികളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയും മത്സരത്തിനു മുമ്പായി സ്റ്റേഡിയോ ഒളിംപിക്കോയില്‍ പ്രദര്‍ശിപ്പിച്ചു.
ഫുട്ബോളിലൂടെ വികസന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എഎസ് റോമയും ജനറേഷന് അമൈസിങും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ മേഖലയിലും സഹകരിക്കും. പ്രചോദിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ഫുട്ബോളിന്റെ സ്വതസിദ്ധമായ ശക്തി ഉപയോഗിച്ച് ജീവിതത്തെ മെച്ചപ്പെടുത്തുകയെന്നതാണ് ജനറേഷന് അമൈസിങിന്റെ പ്രധാന ലക്ഷ്യമെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു.
ചരിത്രത്തില്‍ സമ്പന്നവും സാമൂഹിക അവബോധത്തിന് പേരുകേട്ടതുമായ സ്ഥാപനമാണ് എഎസ് റോമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകമ്മിറ്റിയുടെ ജനറേഷന് അമൈസിങ് പദ്ധതിയുമായി സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് എഎസ് റോമ വൈസ് പ്രസിഡന്റ് മൗറോ ബല്ദിസ്സോനി പറഞ്ഞു. ജനറേഷന് അമൈസിങിന്റെ ആകെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഖത്തറിനു പുറമെ നേപ്പാള്‍, പാകിസ്താന്, ജോര്‍ദ്ദാന്‍, ലബനാന്, ഫിലിപ്പൈന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നുണ്ട്. 2022 ആകുമ്പോഴേക്കും പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന് അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഫുട്ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന് അമൈസിങിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന് അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.
പദ്ധതിക്ക് തുടക്കംകുറിച്ചതുമുതല് ഖത്തറില്‍ തൊഴിലാളികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ ലോകകപ്പുകളില്‍ ജനറേഷന് അമൈസിങ് അംബാസഡര്‍മാര്‍ പങ്കെടുത്തിരുന്നു.