
ദോഹ: ജനുവരി ആദ്യ ആഴ്ചയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് പത്തുലക്ഷം യാത്രക്കാര്‍. ഓരോ 24 മണിക്കൂറിലും വിമാനത്താവളം ശരാശരി 1,38,649 യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്.
യാത്രക്കാരുടെ അനുഭവത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിക്കൊണ്ടാണ് പ്രതിദിനം കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. വിമാനത്താവളത്തിലെ പ്രധാന ടച്ച് പോയിന്റുകളിലെ ക്യൂ സമയം ഗണ്യമായി കുറക്കാനായിട്ടുണ്ട്.
ട്രാന്‍സ്ഫര്‍ സെക്യൂരിറ്റിയിലും എത്തിച്ചേരല്‍ ഇമിഗ്രേഷനിലും കാത്തിരിപ്പ് സമയം കുറഞ്ഞിട്ടുണ്ട്. ഹമദ് വിമാനത്താവളം മുഖേന കടന്നുപോകുന്ന 99.4 ശതമാനം യാത്രക്കാര്‍ക്കും ട്രാന്‍സ്ഫര്‍ സെക്യൂരിറ്റി സ്‌ക്രീനിംഗില്‍ 5 മിനുട്ടില്‍ താഴെസമയത്തില്‍ മാത്രം ക്യൂ നിന്നാല്‍ മതിയാകും.
ശരാശരി കാത്തിരിപ്പ് സമയം ഒരു മിനുട്ട് 20 സെക്കന്റ് മാത്രമാണ്. ഏറ്റവും പുതിയ അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജീവനക്കാര്‍ക്ക് ഉന്നതനിലവാരത്തിലുള്ള പരിശീലനം നല്‍കിയും ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ 49 സ്‌ക്രീനിംഗ് പാതകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണ് തിരക്കും യാത്രക്കാരുടെ കാത്തിരിപ്പ് സമയവും കുറക്കുന്നത്. 45 മിനുട്ടോ അതില്‍ കുറവോ മിനിമം കണക്ടിങ് ടൈമുള്ള നൂറുശതമാനം ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്ക് യാതൊരുകാലതാമസവുമില്ലാതെ അവരുടെ അടുത്തവിമാനത്തിലേക്ക് യാത്ര ഉറപ്പാക്കുന്നുണ്ട്.
എക്‌സ്‌റേ മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്ന തെരഞ്ഞെടുത്ത കോണ്‍ടാക്റ്റ് ഗേറ്റുകളില്‍ ഈ യാത്രക്കാരുടെ സുരക്ഷാ സ്‌ക്രീനിംഗ് നടത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ക്യാബിന്‍ ബാഗില്‍ നിന്നും ലാപ്‌ടോപ് പുറത്തെടുക്കാതെ തന്നെ പരിശോധനക്കായുള്ള നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും ഹമദ് രാജ്യാന്തര വിമാനത്താവളം പദ്ധതിയിടുന്നു.
നിലവില്‍ പരിശോധനക്കായി ക്യാബിന്‍ ബാഗില്‍ നിന്നും യാത്രക്കാര്‍ ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ടതുണ്ട്. പുതിയ സംവിധാനം നടപ്പാകുന്നതോടെ അതിന്റെ ആവശ്യമുണ്ടാകില്ല. ഇതിലൂടെ യാത്രക്കാരുടെ യാത്രാ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഹമദിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലെത്തുന്ന 96.5 ശതമാനം യാത്രക്കാരും ഇമിഗ്രേഷനില്‍ 10 മിനിറ്റില്‍ താഴെ മാത്രം ക്യൂവില്‍ നിന്നാല്‍ മതിയാകും. ശരാശരി കാത്തിരിപ്പ് സമയം 2 മിനിറ്റ് 24 സെക്കന്റ് വരെ കുറവാണ്.
തിരക്കേറിയ സമയങ്ങളില്‍ വിമാനത്താവളം ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി പാര്‍ക്കിങും ലഭ്യമാക്കുന്നുണ്ട്. ടാക്‌സി പവലിയനിലെ കാത്തിരിപ്പ് സമയവും കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗജന്യമായി ലഗേജ് ലോഡിങ് സേവനങ്ങളും ലഭ്യമാക്കുന്നു.