in ,

ജനുവരി മുതല്‍ നവംബര്‍ വരെ തുര്‍ക്കി സന്ദര്‍ശിച്ചത് 89,448 ഖത്തരികള്‍

ദോഹ: ഖത്തരികളുടെ പ്രിയ അവധിക്കാലകേന്ദ്രമായി തുര്‍ക്കി മാറുന്നു.
തുര്‍ക്കി സന്ദര്‍ശിക്കുന്ന ഖത്തരി വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ട്. ഖത്തരി പൗരന്‍മാരുടെ തുര്‍ക്കിയിലേക്കുള്ള യാത്ര തുടരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 89,448 ഖത്തരികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്താല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 12.59 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
തുര്‍ക്കിയില്‍ ഒരു അറബ് രാജ്യത്ത് നിന്ന് എത്തുന്ന രണ്ടാമത്തെ വലിയ വിനോദസഞ്ചാര ഗ്രൂപ്പാണ് ഖത്തരികള്‍. തുര്‍ക്കി സാംസ്‌കാരിക, ടൂറിസം ഓഫീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ തുര്‍ക്കിയിലെത്തിയ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 4,07,19,786 ആയി ഉയര്‍ന്നു. 14.47 ശതമാനം വാര്‍ഷിക വര്‍ധനവ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജിസിസിയില്‍ കുവൈത്തില്‍ നിന്നാണ് ഏറ്റവുമധികം സന്ദര്‍ശകര്‍. തൊട്ടുപിന്നില്‍ ഖത്തര്‍. വര്‍ഷത്തിന്റെ ആദ്യ നാലുമാസത്തില്‍ മാത്രം തുര്‍ക്കിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 30,160 ഖത്തരികളാണ് സന്ദര്‍ശനം നടത്തിയത്.
ഏപ്രിലില്‍ 12766 ഖത്തരി പൗരന്‍മാരാണ് തുര്‍ക്കിയിലേക്ക് യാത്ര ചെയ്തത്. നിലവില്‍ ആഴ്ചയില്‍ 66 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും തുര്‍ക്കിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്.
ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളിലായി(ജനുവരി, ഫെബ്രുവരി) 11,700ലധികം ഖത്തരികള്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.
ഖത്തറില്‍ നിന്നും തുര്‍ക്കി സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. 2017ല്‍ 48,764 ഖത്തരി സ്വദേശികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഖത്തരി സന്ദര്‍ശകരുടെ എണ്ണം 96,327 ആയി വര്‍ധിച്ചു.
സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവ്. തുര്‍ക്കിഷ് സംസ്‌കാരം കൂടുതല്‍ മനസിലാക്കാന്‍ ഖത്തരികളെ ഈ സന്ദര്‍ശനങ്ങള്‍ സഹായിക്കുന്നുണ്ട്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരികവിനിമയം ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു. തുര്‍ക്കിഷ് തലസ്ഥാനമായ ഇസ്താന്‍ബുള്‍ സന്ദര്‍ശകരുടെ പ്രത്യേകിച്ചും ഖത്തരികളുടെ ഇഷ്ടകേന്ദ്രമാണ്.
ഹലാല്‍ ഭക്ഷണം ലഭിക്കുമെന്നതും ഇസ്‌ലാമിക മൂല്യങ്ങള്‍ ഏറെയുള്ളതുമാണ് തുര്‍ക്കിയിലേക്ക് പോകാന്‍ ഖത്തരികളെ പ്രേരിപ്പിക്കുന്നത്.
തുര്‍ക്കിയിലേക്കുള്ള യാത്രസമയം അഞ്ചു മണിക്കൂര്‍ മാത്രമാണെന്നതും നല്ല കാലാവസ്ഥയും പലരെയും തുര്‍ക്കി യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അറബ് ലീഗ് യോഗം: ഖത്തര്‍ പങ്കെടുത്തു

ഖിയ ചാമ്പ്യന്‍സ് ക്രിക്കറ്റ് ലീഗ്: ഷാര്‍ക് ഇലവന്‍ ചാമ്പ്യന്‍മാര്‍