in ,

ജയിലില്‍ നിന്ന് ഫോണില്‍ കൊടി സുനിയുടെ ഭീഷണി; പരാതിയുമായി പ്രവാസി സ്വര്‍ണ്ണ വ്യാപാരി

അശ്‌റഫ് തൂണേരി/ ദോഹ:


സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ ഖത്തര്‍ നല്‍കുന്ന ഔദ്യോഗിക രേഖകളും ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടതിനാല്‍ പ്രവാസി സ്വര്‍ണ്ണ വ്യാപാരിക്ക് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ  മൂന്നാം പ്രതി കൊടി സുനിയുടെ ഭീഷണി ജയിലില്‍ നിന്ന്. 2019 മെയ് 23 നാണ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ വിളി വന്നതെന്ന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറില്‍ സ്വര്‍ണ്ണ വ്യാപാരിയുമായ മജീദ് കോയിശ്ശേരി ചന്ദ്രികയോട് പറഞ്ഞു. 

Majeed

”മെയ് 20-ന് ഒരാള്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. നിരക്ക് അന്വേഷിച്ചു. നാളെ ചിലപ്പോള്‍ മാറാനിടയുണ്ടെന്നും പറഞ്ഞു. എത്രയുണ്ടെന്ന ചോദ്യത്തിന് 1 കിലോ മുതല്‍ ഒന്നര കിലോ വരെ ഉണ്ടാവാമെന്ന് പറഞ്ഞു. ഖത്തര്‍ പൊലീസിന്റെ  വില്‍ക്കാനുള്ള അനുമതി പത്രവുമായും ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡുമായും വന്നാല്‍ സ്വീകരിക്കാമെന്ന് മറുപടി പറഞ്ഞു. സ്വര്‍ണ്ണം വാങ്ങിയ ബില്ല് കാണിച്ചാല്‍ പൊലീസില്‍ നിന്ന് അനുമതി പത്രം കിട്ടുക എളുപ്പമാണെന്നും വിശദീകരിച്ചിരുന്നു.” മജീദ് വ്യക്തമാക്കി. 

മെയ് 23-ന് രാത്രിയാണ് ഞാന്‍ കൊടി സുനിയാണ് എന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിക്കുന്നത്. ആദ്യം മനസ്സിലായില്ല. നേരത്തെ അന്വേഷിച്ച സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യം വീണ്ടും ചോദിച്ചു. മറ്റെയാളോട് പറഞ്ഞ അതേ മറുപടി ആവര്‍ത്തിച്ചു. പണം ദുബൈയില്‍ കൊടുക്കാമോ എന്നായി അപ്പോള്‍ കൊടി സുനി. അത് പറ്റില്ലെന്ന് പറഞ്ഞു. രേഖയില്ലാതെ സ്വര്‍ണ്ണം വാങ്ങാത്തതെന്തേ എന്ന് ചോദിച്ചത് പിന്നീട് ഭീഷണി തുടങ്ങി. തനിക്ക് നാട്ടില്‍ വരേണ്ടേ… മര്യാദക്ക് ജീവിക്കില്ല, കൊത്തിക്കീറിക്കളയും… തുടങ്ങിയ ഭീഷണി. അതേ ദിവസം തന്നെ പല തവണ വിളിച്ച് കേട്ടാലറക്കുന്ന ഭാഷയില്‍ തെറി പറഞ്ഞുവെന്നും മജീദ് വിശദീകരിച്ചു.

പിന്നീട് വിളിയുണ്ടായില്ല. പക്ഷെ കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി തന്നെ ജയിലില്‍ നിന്നാണ് വിളിച്ചതെന്ന് മനസ്സിലായത്. ജയിലില്‍ നിന്ന് വിളിച്ച് ഇത്ര ധൈര്യത്തില്‍ ഭീഷണി മുഴക്കാമെങ്കില്‍ നമ്മുടെ നാട്ടിലെ ജയിലില്‍ ഇതാണോ സ്ഥിതിയെന്നും മജീദ് ചോദിക്കുന്നു.

നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിളിക്കുന്നുണ്ടെന്നും ഇപ്പോള്‍ കുടുംബത്തിനും തനിക്കും ഭീതിയുണ്ടെന്നും അതിനാല്‍ ഉടന്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുമെന്നും കൊടുവള്ളി മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കൂടിയായ മജീദ് വ്യക്തമാക്കി.

കൊടി സുനിയുടെ ആഢംബര ജയില്‍ ജീവിതവും കുടുംബ ചെലവും സ്‌പോണ്‍സര്‍ ചെയ്യുന്നത് സി പി എം: കെ കെ രമ 

കെ കെ രമ

ദോഹ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയും വിവിധ ക്വട്ടേഷന്‍ കേസുകളിലെ പ്രതിയുമായ കൊടി സുനിക്ക് ജയിലില്‍ ആര്‍ഭാഢ ജീവിതവും കുടുംബത്തിന്റെ ചെലവും നല്‍കുന്നത് സി പി എമ്മാണെന്നും നേരത്തെയും പലരേയും ജയിലില്‍ നിന്നും അല്ലാതേയും ഭീഷണിപ്പെടുത്തിയി്ട്ടുണ്ടെന്നും ആര്‍ എം പി നേതാവ് കെ കെ രമ. കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന ടി പി ചന്ദ്രശേഖരന്‍- കെ എസ് ബിമല്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അവര്‍ ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു.

ആരെയും വിളിച്ച് ഭീഷണിപ്പെടുത്താനും നിര്‍ബാധം ഫോണ്‍ വിളിക്കാനും റീ ചാര്‍ജ്ജ് ചെയ്യാനും പിണറായി വിജയന്റെ പൊലീസ് തന്നെ ഒത്താശ ചെയ്യുകയാണ്. സി പി എമ്മാണ് കൊടി സുനി ഉള്‍പ്പെടെയുള്ളവരുടെ കേസ് നടത്തുന്നത്.  ആരെ വിളിച്ച് ഭീഷണിപ്പെടുത്തിയാലും പിടിക്കപ്പെടില്ലെന്നും പിടിക്കപ്പെട്ടാല്‍ തന്നെ ശിക്ഷിക്കപ്പെടില്ലെന്നുമുള്ള ഉറപ്പ് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുണ്ട്. വയനാട്ടില്‍ നിന്നുള്ള ഒരാളെ ഭീഷണിപ്പെടുത്തിയ കേസില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ കൊടി സുനിക്കെതിരെ മറ്റൊരു എഫ് ഐ ആര്‍ ഉണ്ട്.

പിന്നീട് കേസ് ഒന്നും ആയിട്ടില്ല. ജയിലില്‍ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തുകയാണ് സി പി എം. പല മാഫിയകളുടേയും ഭാഗമായ കൊടി സുനിക്ക് ജയിലില്‍ ഇത്രയധികം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന സി പി എം നേതാക്കള്‍ക്കും സാമ്പത്തികമായ ആനുകൂല്യം കിട്ടാനിടയുണ്ട്.

ആരേയും വിളിച്ച് ഭീഷണിപ്പെടുത്താന്‍ സൗകര്യം ചെയ്യുന്ന ഏതൊരു പൗരന്റേയും ജീവിതത്തിലിടപ്പെടാന്‍ കഴിയുന്ന തരത്തിലേക്ക് ഗുണ്ടായിസം കാണിക്കുന്ന കൊടി സുനിക്ക് ഭരണത്തിന്റെ തണലില്‍ സംവിധാനമൊരുക്കുന്ന സി പി എമ്മും സര്‍ക്കാരും പൊതുസമൂഹത്തോട് മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് പുതിയ വെബ്‌സൈറ്റ്

അപൂര്‍വ ജനിതക രോഗബാധിതനായ ബാലന് ചലനശേഷി നല്‍കി സിദ്ര മെഡിസിന്‍