Friday, February 21

ജര്‍മന്‍ റെയില്‍വേസുമായി കോഡ് ഷെയര്‍ പ്രഖ്യാപിച്ചു

Spread the love

മലേഷ്യന്‍ എയര്‍ലൈനുമായി കോഡ്‌ഷെയര്‍ വിപുലീകരണം

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ജര്‍മ്മന്‍ റെയില്‍വേസുമായി(ഡ്യുഷെ ബാന്‍) കോഡ് ഷെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ജര്‍മ്മനിയിലെ എട്ടു പ്രധാന സ്ഥലങ്ങളിലേക്ക് പരിധികളില്ലാതെ യാത്രാസൗകര്യം ഉറപ്പാക്കുന്നതാണ് പുതിയ പങ്കാളിത്തം. യൂറോപ്പിലെ ഏറ്റവും വലിയ റെയില്‍വെ ഓപ്പറേറ്റേഴ്‌സിലൊന്നാണ് ഡ്യുഷെ ബാന്‍. യാത്രക്കാര്‍ക്ക് ഡിബി നെറ്റ്വര്‍ക്കിനുള്ളിലെ എട്ട് പ്രധാന നഗരങ്ങളിലേക്ക് കണക്ഷന്‍ ഉറപ്പാക്കും.
ജര്‍മ്മനിയിലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്രാങ്ക്ഫര്‍ട്ട് ഗേറ്റ്‌വേ മുഖേന സ്റ്റട്ട്ഗര്‍ട്ട്, ന്യൂറെംബര്‍ഗ്, ഹാനോവര്‍, ലീപ്‌സിഗ്, കൊളോണ്‍, ഡസല്‍ഡോര്‍ഫ്, മ്യൂണിച്ച്, ഹാംബര്‍ഗ് എന്നിവിടങ്ങളിലേക്ക് സുഗമമായ യാത്രാഗതാഗത്തിന് അവസരമൊരുക്കുന്നതാണ് കോഡ് ഷെയര്‍. ദോഹയ്ക്കും ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ബെര്‍ലിന്‍ എന്നിവക്കിടയില്‍ ഖത്തര്‍ എയര്‍വേസ് നിലവില്‍ 35 പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മ്യൂണിച്ചില്‍ നിന്നും ദിവസേന രണ്ട് ഫ്‌ളൈറ്റുകളും ബെര്‍ലിനില്‍ നിന്ന് ദിവസേന ഒരു ഫ്‌ളൈറ്റുമാണ് സര്‍വീസ് നടത്തുന്നത്. ഖത്തര്‍ എയര്‍വേയ്സും ഡ്യുഷെ ബാനും തമ്മിലുള്ള ഈ കോഡ് ഷെയര്‍ കരാര്‍ ജര്‍മ്മനിയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. പുതിയ കോഡ്‌ഷെയര്‍ കരാറിലൂടെ ഖത്തര്‍ എയര്‍വേയ്സുമായുള്ള വിജയകരവും ദീര്‍ഘകാലവുമായ റെയില്‍, വിമാന സഹകരണം കൂടുതല്‍ ശക്തമാക്കുന്നതില്‍ സന്തുഷ്ടരാണെന്ന് ഡ്യൂഷെ ബാന്‍ മാനേജ്മെന്റ് ബോര്‍ഡ് അംഗം ബാന്‍ ബെര്‍ത്തോള്‍ഡ് ഹുബര്‍ പറഞ്ഞു. അതേസമയം ഖത്തര്‍ എയര്‍വേയ്‌സും മലേഷ്യ എയര്‍ലൈന്‍സും കോഡ് ഷെയര്‍ വിപുലീകരണം പ്രഖ്യാപിച്ചു.
ജനുവരി 27 മുതല്‍ ഇത് പ്രാബല്യത്തിലാകും. 2001 മുതലുള്ള രണ്ടു എയര്‍ലൈനുകളുടെയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിയ കരാര്‍. നിലവിലെ കോഡ് ഷെയര്‍ സഹകരണത്തിന്റെ പരിധിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ പത്ത് കേന്ദ്രങ്ങളിലേക്കാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് യാത്ര ബുക്ക് ചെയ്യാനാകുമായിരുന്നത്്. എന്നാല്‍ പുതിയ കരാര്‍ പ്രകാരം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിലേക്ക് ബുക്ക് ചെയ്യാനാകും. മലേഷ്യ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ദോഹയില്‍ നിന്ന് വിയന്ന, ബ്രസ്സല്‍സ്, കോപ്പന്‍ഹേഗന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ഏഥന്‍സ്, റോം, ഒസ്ലോ, ബാഴ്സലോണ, മാഡ്രിഡ്, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലേക്കെല്ലാം യാത്ര നടത്താനാകും. തിരിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ നാലു പുതിയ സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കും ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യാം.
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ മലേഷ്യയിലെ സിബു, അലൂര്‍ സെതാര്‍, ഇന്തോനേഷ്യയിലെ മെദാന്‍, സുരബയ എന്നിവിടങ്ങളിലേക്കാണ് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നത്. മലേഷ്യ എയര്‍ലൈന്‍സ് നെറ്റ്വര്‍ക്കിലെ മൊത്തം കോഡ്‌ഷെയര്‍ റൂട്ടുകളുടെ എണ്ണം 24ലേക്ക് എത്തിയിട്ടുണ്ട്.